അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗായിക കെ എസ് ചിത്ര പങ്കുവച്ച വീഡിയോയ്ക്ക് എതിരെ ഗായകൻ സൂരജ് സന്തോഷ് രംഗത്ത്. രാമക്ഷേത്ര വിവാദത്തിൽ ചിത്രയെ സൂരജ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ സൂരജിന് സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഇതോടെ സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യിൽ നിന്ന് (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവിസ്) സൂരജ് സന്തോഷ് രാജിവച്ചു. സൈബർ ആക്രമണത്തിൽ തന്നെ സംഘടന പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയാണ് രാജി സമർപ്പിച്ചത്.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ വാക്കുകളെയാണ് സൂരജ് വിമർശിച്ചത്. ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു വിമർശിച്ചുകൊണ്ട് സൂരജ് പങ്കുവച്ച കുറിപ്പിൽ ഉണ്ടായിരുന്നത്. കൂടാതെ പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂർവം മറക്കുന്നുവെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നും സൂരജ് പ്രതികരിച്ചു.
തനിക്കെതിരെ ഇപ്പോൾ സംഘടിത സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനുമുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും സമൂഹമാധ്യമത്തിലൂടെ സൂരജ് വ്യക്തമാക്കി. നിയമനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ച ഗായകൻ ‘”താൻ തളരില്ല, തളർത്താൻ പറ്റില്ല ” എന്നും കൂട്ടിച്ചേർത്തു.