‘നടൻ സിദ്ധാർഥ് ഈ വീഡിയോയ്ക്ക് കമന്റ് ചെയ്താൽ ഞാൻ പരീക്ഷയ്ക്ക് പഠിക്കാം ‘… ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗ് ആയിരിക്കുന്ന റീൽസ് കണ്ടന്റ് ആണിത്. സമാനമായ രീതിയിൽ മറ്റ് ചലച്ചിത്ര താരങ്ങളെ ടാഗ് ചെയ്തുകൊണ്ടും നിരവധി പേർ ഇൻസ്റ്റാഗ്രാമിൽ റീൽസുകൾ പങ്കുവയ്ക്കുന്നുണ്ട്. ചില താരങ്ങൾ രസകരമായ രീതിയിൽ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുകയും ചെയ്തു. എന്നാൽ ഈ ട്രെൻഡ് വിഡ്ഢിത്തമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യൻ താരം സിദ്ധാർഥ്.
താരങ്ങളുടെ കമന്‍റ് വന്നാല്‍ മാത്രം പഠിക്കുകയും പണിക്ക് പോകുകയും സിനിമ കാണുകയും അന്യ നാട്ടിൽ നിന്ന് മടങ്ങി വരുകയും ചെയ്യുകയുള്ളൂ എന്ന ഇന്‍സ്റ്റഗ്രാം ട്രെന്‍ഡിനെതിരെ രൂക്ഷ വിമർശനമാണ് സിദ്ധാർഥ് ഉന്നയിക്കുന്നത്. അടുത്തിടെയാണ് കമന്‍റ് വന്നാല്‍ പഠിക്കുന്ന ട്രെൻഡ് ഇൻസ്റ്റാഗ്രാമിൽ വൈറലായത്. ഇത് പിന്നീട് ജോലി ചെയ്യുന്നതിലേക്കും യാത്ര പോകുന്നതിലേക്കും ഭക്ഷണം കഴിക്കുന്നതിലേക്കുമെല്ലാം എത്തിയിരുന്നു. ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണെന്നും പരീക്ഷക്ക് ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ചിരുന്ന് പഠിക്കൂ എന്നുമാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. തന്റെ ഇൻസ്റ്റഗ്രം പേജിലൂടെയാണ് താരം വിമർശനവുമായി രംഗത്ത് വന്നത്.
സിദ്ധാർഥിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ
ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണ്. ഞാൻ ഒരിക്കലും നിങ്ങളുടെ പോസ്റ്റിന് കമന്‍റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂ. കമന്‍റ് ഇട്ടാലേ ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് റിക്വസ്റ്റുകളാണ് വന്നത്. പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ.