2009 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽ പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന സിനിമ തഴയ പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ സിബി മലയിൽ. മികച്ച നടനായി മോഹൻലാൽ, സംവിധാനത്തിനു പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്ക് റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നീ കാറ്റഗറികളിലെ പുരസ്കാരങ്ങൾ ‘പരദേശി’യ്ക്ക് ലഭിക്കാമായിരുന്നിട്ടും മേക്കപ്പിനുള്ള പുരസ്കാരം മാത്രമാണു ലഭിച്ചതെന്നും സിബി മലയിൽ പറഞ്ഞു. പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ‘പി.ടി കലയും കാലവും’ എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്‍ലാലിന് പകരം ഷാറുഖ് ഖാന് പുരസ്കാരം നല്‍കാമെന്നു വരെ തീരുമാനം ഉണ്ടായിരുന്നു എന്ന് സിബി മലയില്‍ പറഞ്ഞു. ‘അന്ന് മോഹന്‍ലാലിന് പകരം ഷാറുഖ് ഖാന് മികച്ച നടന് അവാര്‍ഡ് കൊടുത്തൂടെ എന്ന് ജൂറി ചെയർമാൻ പറഞ്ഞു. മാത്രമല്ല അപ്പോൾ അവാര്‍ഡ് ദാന പരിപാടി കൊഴുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞിരുന്നു. ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനമാലപിച്ച സുജാതയെയാണ് മികച്ച ഗായികയായി പരിഗണിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം മാറ്റുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോവുകയും മാറ്റിനിർത്തപ്പെടുകയും ചെയ്ത മലയാള ചലച്ചിത്ര പ്രവർത്തകരിൽ ഒരാളാണ് പി.ടി.കുഞ്ഞുമുഹമ്മദെന്നും സിനിമയിലും രാഷ്ട്രീയത്തിലും നിലപാടുകൾ മാറ്റമില്ലാതെ തുടരുന്നു എന്നതുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും സിബി മലയിൽ അഭിപ്രായപ്പെട്ടു.’
ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമായിരുന്നു ആ ജൂറിയിലുണ്ടായിരുന്ന ഏക മലയാളികൾ. ‘പരദേശി’ക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ, ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു.
സുജാതയ്ക്കാണ് പുരസ്‌കാരം എന്ന് അറിഞ്ഞപ്പോൾ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് അയാൾ ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വിഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയും ചെയ്തു. ജൂറിക്ക് രഹസ്യ സ്വഭാവമുണ്ടെങ്കിലും കാലം കുറേ ആയത് കൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തു പറയുന്നത് എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. ഉത്തരേന്ത്യക്കാരോടു മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതു തന്നെ വലിയ സംഭവമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.