മോഹൻലാൽ-ശോഭന കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ മലയാളികളുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഉണ്ടാവുമെന്നുറപ്പാണ്. തേന്മാവിൻ കൊമ്പത്തും മിന്നാരവും ടി പി ബാലഗോപാലൻ എം എ യും മണിച്ചിത്രത്താഴുമെല്ലാം ടിവിയിൽ സംപ്രേഷണം ചെയ്താൽ ഇന്നും കുത്തിയിരുന്ന് കാണുന്ന മലയാളികൾ ഏറെയാണ്. 55 ഓളം സിനിമകൾ ഈ തരാജോഡികൾ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു എന്ന വാർത്ത ആരാധകരുടെ ആവേശം കൂട്ടുകയാണ്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത തരുൺ മൂർത്തിയാണ് ചിത്രംസംവിധാനം ചെയ്യുന്നത്. ശോഭന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘കുറെ വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു മലയാള സിനിമ ചെയ്യാൻ പോവുകയാണ്. വളരെ എക്‌സൈറ്റഡ് ആണ്. ലാല്‍ജിയുടെ 360-ാമത്തെ സിനിമയാണിത്. ഞങ്ങള്‍ ഒപ്പം അഭിനയിക്കുന്ന അമ്പത്തിയാറാമത് ചിത്രം കൂടിയാണിത്’ എന്നാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ശോഭന പറഞ്ഞത്.
2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു മോഹൻലാൽ- ശോഭന ജോഡി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിൽ മോഹന്‍ലാലിന്റെ നായികയായല്ല ശോഭന എത്തിയത്. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അതേസമയം, തരുൺ മൂർത്തി ചിത്രത്തില്‍ സാധാരണക്കാരനായ ടാക്സി ഡ്രൈവര്‍ ആയിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചാണ് ചിത്രമൊരുങ്ങുന്നത്.
അതേസമയം, താര നിർണയം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. രജപുത്രയുടെ പതിനാലാമത്തെ ചിത്രമാണിത്. കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹനാകുകയും കെ.ആർ.സുനിൽ മികച്ച ഫോട്ടോഗ്രഫർ കൂടിയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജികുമാറാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. പട്ടണം റഷീദ് ആണ് മേക്കപ്പ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകൾ.