കുട്ടികൾക്കും യുവജനങ്ങൾക്കും ഇടയില്‍ സിനിമ അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്നു ഷാര്‍ജ രാജ്യന്തര ചലചിത്രമേള ഒക്ടോബർ 10 മുതൽ 15 വരെ നടക്കും. ഷാര്‍ജ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 43 രാജ്യങ്ങളിൽ നിന്നുള്ള 100 സിനിമകൾ മേളയില്‍ പ്രദര്‍ശിപ്പിക്കും.
യുഎഇ, സൗദി അറേബ്യ, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. 90 രാജ്യങ്ങളിൽ നിന്നുള്ള 1,700ല്‍ അധികം അപേക്ഷകളില്‍ നിന്നാണ് മികച്ച നൂറ് ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. 29 ആനിമേഷന്‍ ചിത്രങ്ങളും 17 ഫീച്ചറുകളും കുട്ടികളുടെ 16 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കുട്ടികളുടെ സിനിമ മേള
കുട്ടികളിലെ മാധ്യമ അഭിരുചിയും കലയും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ച ഫണ്‍ എന്ന സംഘടനയാണ് മേള സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ട് സീസണുകളില്‍ മേള നടന്നത്. മേളയ്ക്ക് ഇക്കുറി ശക്തമായ തിരുച്ചുവരവ് നടത്താനാകുമെന്ന് ഫണിന്റെയും ഷാർജ ഫിലിം ഫെസ്റ്റിവലിന്റെയും ഡയറക്ടർ ഷെയ്ഖ ജവഹർ ബിൻത് അബ്ദുല്ല അൽ ഖാസിമി വ്യക്തമാക്കി.
യുവാക്കളുടെ പ്രാതിനിധ്യം
യുവ പ്രേക്ഷകരുടെ ജിജ്ഞാസ ഉണർത്തുന്ന ചിത്രങ്ങളാകും മേളയില്‍ ഉണ്ടാവുക. ഏഴ് വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുക. കുട്ടികളും യുവാക്കളും ചേർന്ന് ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിച്ചത് യുകെയിലാണെന്നും ജിസിസി രാജ്യങ്ങളിലെ ഹ്രസ്വചിത്രങ്ങളുടെ എണ്ണത്തിൽ സൗദി മുന്നിലെത്തിയെന്നും സംഘാടകര്‍ സൂചിപ്പിച്ചു.
അറബ് മേഖലയ്ക്ക് പിന്തുണ
യു.എ.ഇയിലും അറബ് മേഖലയിലും വളർന്നുവരുന്ന ചലച്ചിത്രപ്രവര്ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഷാര്‍ജ ചലചിത്രമേള വഹിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചലച്ചിത്ര പിന്നണി പ്രവർത്തകരും മേളയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.