ആർ.ഡി.എക്സ് 100 കോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ സന്തോഷം കുടുംബത്തോടൊപ്പം പങ്കുവെച്ച് ഷെയ്ൻ നിഗം. ഉമ്മ സുനില, സഹോദരിമാരായ അഹന, അലീന എന്നിവരോടൊപ്പമാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയുടെ വിജയം പങ്കിടാൻ ഷെയ്ൻ എത്തിയത്. താരത്തോടൊപ്പം തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുമുണ്ടായിരുന്നു.
100 കോടി കളക്ട് ചെയ്യുന്ന നാലാമത് മലയാള ചലച്ചിത്രമായിരിക്കുകയാണ് ഇതോടെ ആർ.ഡി.എക്സ്. 2018, ലൂസിഫർ, പുലിമുരുകൻ എന്നിവയാണ് ആർ.ഡി.എക്സിന് മുമ്പ് ഈ നേട്ടം കൈവരിച്ച സിനിമകൾ. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ് ഓണം റിലീസായി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തിയത്. ചിത്രത്തിൽ ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ആർ.ഡി.എക്സ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.