ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധിയിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. വധശിക്ഷയിൽ കുറഞ്ഞതൊന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശി അസ്ഫാഖ് ആലത്തിനാണ് എറണാകുളം അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ഇന്ന് വധശിക്ഷ വിധിച്ചത്. കൂടാതെ വിവിധ വകുപ്പുകളിലായി അഞ്ച് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.
ജീവിതാവസാനം വരെയാണ് ജീവപര്യന്തം തടവെന്ന് കോടതി വിധി പ്രഖ്യാപനത്തിൽ പ്രത്യേകം പറയുകയും ചെയ്തു. കേരളം ഞെട്ടിയ അതിക്രൂര കൊലപാതകത്തിൽ ശിശു ദിനത്തിലാണ് വിധി പ്രഖ്യാപിച്ചത് എന്ന സവിശേഷതയുമുണ്ട് ഈ വിധിയ്ക്ക്. നവംബർ നാലിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ കൊലപാതകം, പീഡനം എന്നിവ അടക്കം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള 11 കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള അഞ്ച് കുറ്റങ്ങളും അന്വേഷണത്തിൽ തെളിയുകയും ചെയ്തു.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ജൂലൈ 28നാണ് ആലുവയിലെ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രതി മധുരപാനീയം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.