ഫിഫ എഐഎഫ്എഫിന് ഏർപ്പെടുത്തിയ സസ്പെൻഷൻ പിൻവലിക്കാൻ ശ്രമിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്. സസ്പെൻഷൻ പിൻവലിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
എഐഎഫ്എഫിന്റെ സസ്പെൻഷൻ പിൻവലിക്കാൻ കേന്ദ്രം ശ്രമം തുടങ്ങിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഫിഫയുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ അണ്ടർ 17 ലോകകപ്പ് ഉറപ്പാക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ നേട്ടം ഇന്ത്യക്കുണ്ടാകണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വനിത എ.എഫ്.സി കപ്പില്‍ പങ്കെടുക്കാന്‍ ഉസ്ബെക്കിസ്താനിലേക്ക് പോയിട്ടുള്ള ഗോകുലം ടീം അംഗങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ഗോകുലം ടീമിനും ഫിഫയുടെ സസ്പെൻഷൻ തീരുമാനം കനത്ത തിരിച്ചടിയാണെന്ന് അഭിഭാഷകന് ഗോപാല്‍ ശങ്കര നാരായണന് കോടതിയെ അറിയിച്ചു. സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതി സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.