തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന രീതിയിലുള്ള ബി.ജെ.പി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ വിവാദ പരാമർശത്തിൽ പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ദിശ പ്രസിഡൻറും സമൂഹിക പ്രവർത്തകനുമായ ദിനു വെയിൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ല പൊലീസ് മേധവിയോട് അടുത്ത ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കൃഷ്ണ കുമാറിനെതിരെ സാമൂഹിക പ്രവർത്തക ധന്യ രാമനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കാണ് ധന്യ പരാതി നൽകിയത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഭാര്യ സിന്ധു കൃഷ്ണ പങ്കുവെച്ച വ്ലോഗിലായിരുന്നു നടന്റെ വിവാദ പരാമർശം. പണ്ട് തന്റെ വീട്ടിൽ പണിക്കു വരുന്ന ആളുകൾക്ക് പറമ്പിൽ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നു. പ്ലാവില ഉപയോഗിച്ച് അവർ ആ കഞ്ഞി കുടിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും എന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.
കൃഷ്ണകുമാറിന്റെ വാക്കുകൾ:
ഞങ്ങള്‍ തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പൊക്കെ വൃത്തിയാക്കാന്‍ നിറയെ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോള്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. പതിനൊന്ന് മണിയാകുമ്പോള്‍ ഇവര്‍ക്ക് കഴിക്കാൻ പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കുന്നത് പതിവാണ്. പണി എടുത്ത പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിച്ചു കൊടുക്കും. ചേമ്പില വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര് പ്ലാവില ഉപയോഗിച്ച് ആ പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും.
ഇവർ കൊച്ചി മാരിയറ്റ് ഹോട്ടലിൽ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മകളാണ് ഇതെന്നും കൃഷ്ണ കുമാര്‍ വിഡിയോയില്‍ പറയുന്നുണ്ട്. വിഡിയോ വൈറലായതോടെ കൃഷ്ണകുമാറിനെതിരെ വ്യാപകമായി രൂക്ഷ വിമർശനമാണ് ഉയരുന്നത്.