സിനിമ ഏറ്റവും വലിയ വിനോധോപാദിയാണ്. ഓരോ സിനിമയ്ക്ക് പിന്നിലും ഒരുപാട് പേരുടെ അധ്വാനമുണ്ട്. ചിത്രീകരണം മുതൽ റിലീസ് വരെ ഓരോ സിനിമക്കാരനും നെഞ്ചിടിപ്പോടെയാണ് തിയറ്ററിൽ എത്തുക. ഏറ്റവും കൂടുതൽ സിനിമയുടെ വിജയവും പരാജയവും നിർമാതാവിനെയായിരിക്കും അലട്ടുക.
സൗദി അറേബ്യയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും സിനിമകൾ ചിത്രീകരിക്കുന്നതിന് വേണ്ടി മുതൽമുടക്കാനും ചലച്ചിത്ര നിർമാണം, വിതരണം, വ്യവസായം എന്നിവയിൽ അറബിക് ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും സൗദി അറേബ്യ ‘ബിഗ് ടൈം ഇൻവെസ്റ്റ്മെൻറ് ഫണ്ട്’ സ്ഥാപിക്കുന്നു. പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലു ഷെയ്ഖ് ആണ് ഈജിപ്ത് സന്ദർശനത്തിനിടെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അതേസമയം അറബ് ലോകത്തെ കലാരംഗങ്ങളിൽ മികച്ച് നിൽക്കുന്ന ഏറ്റവും വലിയ താരങ്ങൾ ഇതിൽ പങ്കാളികളാവുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പൊതുവിനോദ അതോറിറ്റി മുഖ്യ സ്പോൺസറായും സാംസ്കാരിക മന്ത്രാലയം സഹ സ്പോൺസറായും ഫണ്ടിലേക്ക് സംഭാവന നൽകുമെന്നും ആലുഷെയ്ഖ് വിശദീകരിച്ചു. സിലത് സ്റ്റുഡിയോ, അൽആലമിയ, അൽവാസാഇൽ എസ്.എം.സി, റൊട്ടാന ഓഡിയോ ആൻഡ് വിഷ്വൽ, ബെഞ്ച്മാർക്ക്, പിസ്ക്വയർ ആർട്ടിസ്റ്റിക് പ്രൊഡക്ഷൻ എന്നീ ചലച്ചിത്ര മേഖലയിൽ വിദഗ്ധരടങ്ങിയ പ്രമുഖ കമ്പനികളുടെ പിന്തുണയും പുതിയ സംവിധാനത്തിനുണ്ടാവും.
സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിൽ സൗദി, ഗൾഫ്, അറബ് സിനിമകളിൽ നിക്ഷേപം നടത്താനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ ഈജിപ്ത് സന്ദർശന വേളയിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള വിനോദ-കലാ പ്രസ്ഥാനത്തെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ മേഖലകളിലെ നിരവധി ഉദ്യോഗസ്ഥരുമായി ആലുഷെയ്ഖ് ചർച്ച നടത്തുകയും ചെയ്തു.