നടി താരകല്യാണിനെയും കുടുംബത്തെയും അറിയാത്ത മലയാളികളില്ല. പലപ്പോഴും യൂട്യൂബ് ചാനലിലൂടെ കുടുംബം തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയുമായിട്ട് എത്തിയിരിക്കുകയാണ് താരയും മകൾ സൗഭാഗ്യയും.
താര കല്യാണിന്റെ ശബ്ദം പൂർണ്ണമായും പോയി എന്നാണ് വീഡിയോയിൽ സൗഭാഗ്യ പറയുന്നത്. താരയ്ക്ക് നേരത്തെ തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയത്. താരയ്ക്ക് വേണ്ടി മകൾ സൗഭാഗ്യയാണ് വീഡിയോയിൽ സംസാരിക്കുന്നത്.
വർഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സൗഭാഗ്യ പറയുന്നു.
കഴിഞ്ഞ വർഷം അമ്മയ്ക്ക് തൈറോയിഡിന്റെ സർജറി ചെയ്തിരുന്നു. എന്നിട്ടും ശബ്ദത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഇപ്പോൾ ശരിക്കും എന്താണ് അമ്മയുടെ ശബ്ദത്തിന്റെ പ്രശ്നമെന്ന് കണ്ടെത്തിയിരിക്കുകയാണ് എന്നാണ് സൗഭാഗ്യ വീഡിയോയിൽ പറയുന്നത്.
സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണിത്. തലച്ചോറിൽ നിന്ന് വോക്കൽ കോഡിലേക്ക് നൽകുന്ന നിർദ്ദേശം അപ്നോർമൽ ആവുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതിൽ അഡക്ടർ എന്ന സ്റ്റേജിലാണ് താര കല്യാണുള്ളത്. തൊണ്ടയിൽ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള സ്ട്രെയിൻ ആണ് അമ്മയ്ക്കെന്നും എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നും അതുകൊണ്ട് തന്നെ ഇതിന് കൃത്യമായൊരു മരുന്നുമില്ലെന്നും സൗഭാഗ്യ പറയുന്നു. മൂന്നാഴ്ച കൂടി കഴിഞ്ഞാൽ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സൗഭാഗ്യ പറയുന്നു.