മലയാളികൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്ത പങ്കുവച്ച് അനൂപ് സത്യൻ. അനൂപിന്റെ അഛനായ സത്യൻ അന്തിക്കാട് പങ്കുവെച്ച കാര്യമാണ് സമൂഹമാധ്യമത്തിലൂടെ അനൂപ് അറിയിച്ചത്. അടുത്ത സിനിമയ്ക്കായി ഇതാ ശ്രീനിക്കൊപ്പം ഇരിക്കുന്നു എന്നായിരുന്നു സത്യൻ അന്തിക്കാട് അനൂപിനോട് വിവരങ്ങൾ പങ്കുവച്ചതെന്ന് അനൂപ് അടിക്കുറിപ്പിൽ പറയുന്നു. ഇരുവരുടെയും കുടുംബസമേതമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ശ്രീനിവാസന്റെ ഭാര്യ വിമലയെയും സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മിയെയും ചിത്രങ്ങളിൽ കാണാം. സത്യൻ അന്തിക്കാടിന്റെ അന്തിക്കാടുള്ള വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
2018 ൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശനാ’ണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തിയ അവസാന ചിത്രം. കൂടാതെ കഴിഞ്ഞ വർഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലും ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ടിരുന്നു.
1986 ൽ പുറത്തിറങ്ങിയ ‘ടിപി ബാലഗോപാലൻ എംഎ’ എന്ന സിനിമയിലൂടെയാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നത്. പിന്നീട് ‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’ തുടങ്ങിയ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. ഇവർ വീണ്ടുമൊന്നിക്കുമ്പോൾ മലയാളികളും ഏറെ പ്രതീക്ഷയിലാണ്.