സിനിമാ താരങ്ങൾ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് എന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. ചിലർ രഹസ്യമായും മറ്റ് ചിലർ പരസ്യമായും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് പതിവാണ്. ഇതെല്ലാം സോഷ്യൽ മീഡിയ കയ്യടികൾ നൽകി അഭിനന്ദിക്കാറുമുണ്ട്. എന്നാൽ ചിലത് പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രം ചെയ്യുന്നതാണെന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തും. അത്തരത്തിൽ തെരുവോരത്ത് ഭക്ഷണം വിതരണം ചെയ്യുന്ന ബോളിവുഡ് താരം സാറ അലി ഖാന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
മുംബൈയിലെ റോഡരികിൽ ഇരിക്കുന്ന നിര്‍ധനര്‍ക്കാണ് സാറ ഭക്ഷണം വിതരണം ചെയ്തത്. വിവരമറിഞ്ഞെത്തിയ പാപ്പരാസികളും വഴിയാത്രികരും താരത്തിന്‍റെ വിഡിയോ ഷൂട്ട് ചെയ്തു. വിഡിയോ ഷൂട്ട് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ സാറ അവരോട് കയർക്കുന്നതായും വിഡിയോയില്‍ കാണാം. ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുതെന്നും വിഡിയോ എടുക്കരുതെന്നും താരം വീഡിയോ എടുക്കുന്നവരോട് ആവശ്യപ്പെടുന്നുമുണ്ട്.
വിഡിയോ പുറത്തുവന്നതോടെ സാറയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുമായി എത്തിയത്. വിഡിയോ എടുക്കരുതെന്ന അവരുടെ അഭ്യര്‍ഥനയെ മാനിക്കണമായിരുന്നു എന്ന് ചിലര്‍ കുറിച്ചിട്ടുണ്ട്. എന്നാൽ സാറയുടേത് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ചിലര്‍ ആരോപിച്ചു. അതേസമയം ഈ സീനൊക്കെ മലയാള സിനിമ പണ്ടേ വിട്ടതാണെന്നാണ് മലയാളികള്‍ സോഷ്യല്‍ മിഡിയയില്‍ കമന്‍റ് ചെയ്തത്.
2021 ഇൽ മലയാളിയായ ജിസ് ജോയ് സംവിധാനം ചെയ്ത ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തിലെ ഒരു രംഗത്തോടാണ് മലയാളികള്‍ സാറയുടെ സംഭവത്തെ ഉപമിക്കുന്നത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച സിനിമാതാരം ആഘോഷ് മേനോന്‍ എന്ന കഥാപാത്രം തെരുവോരത്ത് ഭക്ഷണം കൊടുക്കുന്ന രംഗം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഈ രംഗത്തിൽ വിഡിയോ എടുക്കുന്നവരോട് ആഘോഷ് മേനോനും കയര്‍ക്കുന്നുണ്ട്. സിനിമയിൽ ഇത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ആഘോഷ് ചെയ്യുന്നത്. ഇത് തന്നെയാണ് ഇപ്പോൾ സാറയും ചെയ്യുന്നത് എന്നാണ് ചിലർ പറയുന്നത്. സാറയെ ആഘോഷ് മേനോനുമായി ചേര്‍ത്തുവച്ചുള്ള ട്രോളുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.