മലയാളികളുടെ പ്രിയ താരമാണ് സനുഷ സന്തോഷ്. ബാലതാരമായി സിനിമയിലെത്തിയ സനുഷ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസിൽ അതിവേഗം സ്ഥാനം പിടിക്കുകയും ചെയ്തു. സമീപകാലത്ത് അഭിനയത്തിൽ നിന്ന് അല്പം മാറി നിന്ന് പഠനത്തിലേയ്ക്ക് തിരഞ്ഞ സനുഷ ഇപ്പോൾ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷമാണ് ആരാധകരുമായി പങ്കിടുന്നത്. വിദേശ സർവകലാശാലയിൽ നിന്നും ബിരുദാരന്തര ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് താരം.
സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെൻ്റൽ ഹെൽത്ത് ആന്റ് സൊസൈറ്റിയിൽ ആണ് സനുഷ എംഎസ്‌സി പൂർത്തിയാക്കിയത്. ബിരുദ ദാന ചടങ്ങിന് ശേഷമുള്ള ചിത്രം പങ്കിട്ട് സനുഷ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. പഠനകാലത്ത് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും സനുഷ മനസുതുറന്നു.
“ബിരുദദാന ചടങ്ങിൽ എൻ്റെ പേര് വിളിക്കുന്നതും കാത്ത് മനോഹരമായ ഹാളിൽ ഇരിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും അഭിലാഷങ്ങളുമായി താൻ അറിഞ്ഞതിൽ നിന്ന് വളരെ അകലെ ഈ നാട്ടിൽ വന്ന പെൺകുട്ടിയെ ഞാൻ ഓർത്തു. നീണ്ട 2 വർഷത്തെ പോരാട്ടങ്ങൾ, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്‌ടപ്പെട്ടുവെന്ന തോന്നൽ, കരച്ചിൽ, ഉറക്കമില്ലാത്ത രാത്രികൾ, പാർട്ട് ടൈം ആന്റ് ഫുൾ ടൈം ജോലികൾ, കഠിനാധ്വാനം, ആരോഗ്യപ്രശ്‌നങ്ങൾ, സമ്മർദം തുടങ്ങി ഓരോ വികാരവും മനസിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോൾ എന്റെ അധ്വാനങ്ങളെല്ലാം ഫലം കണ്ടുവെന്ന് ഞാൻ മനസിലാക്കുന്നു.
എല്ലായ്പ്പോഴും എൻ്റെ ശക്‌തിയായിരിക്കുന്നതിനും എന്നെ വഴിനടത്തുന്നതിനും ദൈവത്തിനു നന്ദി. ശക്‌തമായ പിന്തുണ നൽകി എനിക്കൊപ്പം നിന്ന കുടുംബത്തിന് അതിരറ്റ നന്ദി. എന്നിലുള്ള നിങ്ങളുടെ വിശ്വാസവും നിങ്ങൾ നൽകിയ പ്രോത്സാഹനവും പ്രാർഥനയുമെല്ലാമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. അതിനാൽ ഈ ബിരുദം നിങ്ങൾക്കുള്ളതാണ്. അച്ഛൻ, അമ്മ, അനിയൻ! ഞാൻ നേടിയ ഓരോ വിജയത്തിനും ഏറ്റവും ഉച്ചത്തിൽ കൈയ്യടിച്ച എൻ്റെ കുടുംബമേ, ഈ നേട്ടം നിങ്ങൾ മൂന്ന് പേർക്കുമായി സമർപ്പിക്കുന്നു.
എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ ഞാൻ എംഎസ്‌സി ബിരുദധാരിയാണ്. അത് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു. എന്നെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു” എന്നാണ് സനുഷ കുറിച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേരുന്നത്.