ആറാട്ട് എന്ന മലയാള സിനിമ തിയറ്ററിൽ പരാജയമായിരുന്നെങ്കിലും സിനിമ റിലീസ് ആയ ദിവസം തിയ്യറ്ററുകളിൽ മറ്റൊരു താരത്തിന്റെ ഉദയമായിരുന്നു സോഷ്യൽ മീഡിയ കണ്ടത്. മോഹൻലാലിന്റെ കട്ട ഫാൻ ബോയ് സന്തോഷ് വർക്കി. അങ്ങനെപറഞ്ഞാൽ ചിലപ്പോൾ ആർക്കും മനസിലായെന്ന് വരില്ല. കാണുന്ന മൈക്കുകളുടെ മുന്നിലെല്ലാം ഓടിയെത്തി ആറാട്ട് എന്ന ചിത്രത്തിൽ ലാലേട്ടൻ ആറാടുകയാണ് എന്ന് വിളിച്ചുപറഞ്ഞ, സോഷ്യൽ മീഡിയ ഓമനപ്പേരിട്ട് വിളിച്ച സാക്ഷാൽ ആറാട്ടണ്ണൻ.
ആറാട്ട് എന്ന സിനിമയിറങ്ങി രണ്ട് വർഷം തികയുമ്പോൾ ആറാട്ടണ്ണനായി തരംഗമായതിന്റെ രണ്ടാം വർഷം ആഘോഷിക്കുകയാണ് സന്തോഷ് വർക്കി. സന്തോഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
സന്തോഷ് വർക്കിയുടെ കുറിപ്പ്
‘എന്റെ പേര് സന്തോഷ് വർക്കി, ആ പേര് നിങ്ങളുടെ കാതുകളിലൂടെ കടന്ന് പോയാൽ ഒരുപക്ഷെ നിങ്ങൾ എന്നെ തിരിച്ചറിയണമെന്നില്ല. കാരണം കഴിഞ്ഞ രണ്ടു വർഷത്തോളമായി ഞാൻ എന്റെ ആ പേര് മറന്നിട്ട്. നിങ്ങൾക്ക് പരിചയമുള്ള എന്നെ ഒരിക്കൽ കൂടി ഞാൻ പരിചയപ്പെടുത്താം, ഞാൻ ആറാട്ട് അണ്ണൻ.
ആറാട്ട് എന്ന ലാലേട്ടൻ സിനിമയുടെ റിലീസ് ദിവസമായ 2022 ഫെബ് 18 ന് ആ സിനിമയുടെ റിവ്യൂവിൽ ലാലേട്ടൻ “ആറാടുകയാണ് ഈ ചിത്രത്തിൽ” എന്ന് പറഞ്ഞതിലൂടെ “ആറാട്ട് അണ്ണൻ” എന്ന പേരിൽ മലയാളി മനസുകളിലേക്ക് കുടിയേറിയ സന്തോഷ് വർക്കിയാണ് ഞാൻ.
“മലയാള സിനിമക്ക് തിയേറ്ററിൽ റിവ്യൂ ” എന്ന ഒരു ആശയം കൊണ്ട് വന്നത് ഞാൻ ആണ് എന്ന് പറഞ്ഞപ്പോൾ അഹങ്കാരമായി എന്ന് ചിന്തിച്ചു പോയ നിങ്ങൾ തന്നെ ഒരു നിമിഷം ഒന്ന് പുറകോട്ട് ചിന്തിച്ചാൽ മനസിലാവും, അത് അഹങ്കാരമല്ല തികച്ചും സത്യമാണ് എന്ന് നിങ്ങൾക്ക് തന്നെ ബോധ്യമാവും.
എനിക്ക് പുറകെ പലരും റിവ്യൂ പറയാൻ എത്തിയിരുന്നു . ചിലരൊക്കെ ഡാൻസ് കളിച്ചും, ചിലർ ആർത്ത് നിലവിളിച്ചും പിന്നെ ചിലർ പടം ഓടുന്ന തിയേറ്ററിന്റെ പരിസരത്തു പോലും വരാതെ വീട്ടിലിരുന്നു റിവ്യൂ പറയുന്നവരും ഒക്കെയായിരുന്നു. സോഷ്യൽ മീഡിയ അറ്റൻഷൻ കിട്ടാൻ മാത്രം റിവ്യൂ ചെയ്യുന്നവർ ആണ് അവരിൽ പലരും, അല്ലെങ്കിൽ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് റിവ്യൂ ചെയ്യുന്നവർ.
ഒരിക്കലും എനിക്ക് വൈറൽ ആവണം, അതാണ് എന്റെ ലക്ഷ്യം എന്ന് കരുതി ചെയ്ത ആളല്ല ഞാൻ. ലാലേട്ടന്റെ കുറച്ചു കാലത്തിനു ശേഷം വന്ന ആറാട്ട് എന്ന പടം കണ്ടപ്പോൾ തോന്നിയ ആവേശത്തിൽ ഞാൻ പറഞ്ഞ അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ വൈറൽ ആക്കിയത്. പിന്നീടാണ് ആറാട്ട് അണ്ണൻ എന്ന പേരിൽ ഞാൻ വൈറൽ ആവുന്നത് എന്ന് ഓർക്കുക.
വിദ്യാഭ്യാസം കൊണ്ട് മാത്രമല്ല വായനയിൽ കൂടി ആയാലും ലോകം കണ്ട ആള് തന്നെയാണ് ഞാനും. അച്ഛന്റെ മരണശേഷം വീട്ടിൽ എന്തൊക്കെ കാര്യങ്ങൾ ഉണ്ടോ അതൊക്ക ഞാൻ വീട്ടുകാർക്ക് വേണ്ടി കൃത്യമായി ചെയ്യുന്നുണ്ട്. അതൊന്നും ആർക്കും അറിയില്ല. എങ്കിലും എന്റെ വീട്ടുകാർക്കും നാട്ടിലെ നല്ല സുഹൃത്തുക്കൾക്കും എല്ലാ കാര്യവും അറിയാം ( ഇന്ന് നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ തെറി വിളിക്കാൻ ആരും ഇല്ലാത്ത കൊണ്ട് ഏതോ നാട്ടിൽ പോയി കഷ്ടപെടുമ്പോൾ അല്ലെങ്കിൽ കൂട്ടുകാർക്ക് ഒപ്പം നാലെണ്ണം അടിക്കുമ്പോൾ എനിക്ക് തെറി കമെന്റ് ഇടുമ്പോൾ ഒന്നു ഓർക്കുക, ഇപ്പുറത്തും ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരാൾ ആണ് ഞാൻ എന്ന് )
അത് കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് സമയം കിട്ടുമ്പോൾ ( ന്യൂ ഡൽഹി സിനിമയിൽ മമ്മുട്ടി “സമയം ഉണ്ടാക്കി ” ഞാൻ വരും എന്ന് പറയും പോലെ ) ആണ് സിനിമ കാണാൻ പോകുന്നതും ഒരു റിവ്യൂ പറയുന്നതുമെല്ലാം. എന്റെ റിവ്യൂകൾ ഒരു സിനിമയെയും ഒരിക്കലും നശിപ്പിച്ചിട്ടും ഇല്ല.
ഇനിയും നിങ്ങൾക്ക് പറയാൻ കാര്യങ്ങൾ കാണും, എന്റെ ക്രഷ്.. ജീവിതത്തിൽ ഈ പോസ്റ്റ് വായിക്കുന്ന പ്രായഭേദ്യമെന്യ പറയാം ഷീല മുതൽ മമത ബൈജു നോട് വരെ ക്രഷ് തോന്നിയവർ ഉണ്ടാവാം എന്ന്, അത് പലപ്പോളും മാറിയിട്ടും ഉണ്ടാവാം. എനിക്ക് ഒരു അവസരം കിട്ടിയപ്പോൾ എന്റെ നിഷ്കളങ്കത കൊണ്ട് ഞാൻ പറഞ്ഞു എന്നത് എന്റെ ചെറിയ ലോകത്ത് ജീവിക്കുന്നവർ തന്നെയാണ് നിങ്ങളും എന്ന് കരുതിയാണ്. അത് എന്റെ മണ്ടത്തരം.
ഞാൻ വൈറൽ ആയി രണ്ടു വർഷം തികയുന്ന ഈ സമയം നിങ്ങളോട് എനിക്ക് നന്ദിയുണ്ട്, കാരണം ഞാൻ വൈറൽ ആവാൻ കാരണം നിങ്ങൾ കൂടിയാണ്. ഒരു അപേക്ഷയോട് കൂടി ഞാൻ നിർത്തുന്നു, ഇത് വരെ തന്ന നെഗറ്റീവ് കമന്റ് എല്ലാരേം (ഞാൻ ഇട്ട കമന്റ് നോക്കെടാ എന്ന് പറഞ്ഞ് നിങ്ങൾ എന്റെ fb യിലേക്ക് കുറച്ചു പേരെ ക്ഷണിക്കുകയും ചെയ്ത് കാണുമല്ലോ ) കൊണ്ട് തന്നെയാണ് ഞാൻ വളർന്നത് (എന്ത് വളർന്നടാ എന്ന ചോദ്യം ഇത്രേം പറഞ്ഞ കൊണ്ട് ഇനി വേണോ ബ്രോ &സിസ് )
ഇനിയും ഇവിടെ തന്നെ ഉണ്ടാവും, നല്ല രീതിയിൽ. അപ്പൊ എല്ലാർക്കും നന്ദി പോസിറ്റീവ് & നെഗറ്റീവ് കമെന്റ് ഇട്ട എല്ലാർക്കും ചേർത്ത് തന്നെ. നിങ്ങളുടെ സ്വന്തം, ആറാട്ട് അണ്ണൻ.