ഓരോ മലയാളികളുടെയും അഭിമാന നിമിഷം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ രാജ്യാന്തര കരിയറിലെ തന്റെ കന്നി സെഞ്ചറി തികച്ചു. സെഞ്ചുറിയ്ക്ക് ശേഷം ബാറ്റുയർത്തി അഭിവാദ്യം ചെയ്ത സഞ്ജു, അതിന് ശേഷം തന്റെ ‘മസിൽ’ പ്രദർശിപ്പിക്കുകയും ചെയ്തു. നേരിട്ട അവഗണനകൾക്ക് മറുപടിയായി ഒരു സൂപ്പർ ഹിറ്റ് സെഞ്ചുറി. ബോളിങ് അനുകൂല പിച്ചിൽ മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു ശ്രദ്ധയോടെയാണ് ഓരോ റൺസും എടുത്തത്. മൂന്നു സിക്സും ആറു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നു പിറന്നത്. 114 പന്തിൽ 108 റൺസെടുത്ത സഞ്ജുവിനെ ലിസാർഡ് വില്യംസാണ് പുറത്താക്കിയത്.
സഞ്‍ജുവിന്റെ സെഞ്ചറിയുടെ കരുത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 296 റൺസെടുത്ത് തലയുയർത്തി നിൽക്കുകയാണ്. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 296 റൺസിലെത്തി. അർധസെഞ്ചുറി നേടിയ റിങ്കു സിങ് (27 പന്തിൽ 38), തിലക് വർമ (77 പന്തിൽ 52), എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. നാലാം വിക്കറ്റിൽ സഞ്ജുവും തിലക് വർമയും (77 പന്തിൽ 52) ചേർന്ന് 116 റൺസ് കൂടി കൂട്ടിച്ചേർത്തു.
ഓപ്പണർമാരായ രജത് പാട്ടിദാർ (16 പന്തിൽ 22), അക്ഷർ പട്ടേൽ (3 പന്തിൽ 1), വാഷിങ്ടൻ സുന്ദർ (9 പന്തിൽ 14), അർഷ്‌ദീപ് സിങ് (2 പന്തിൽ 7*), സായ് സുദർശൻ (16 പന്തിൽ 10), ക്യാപ്റ്റൻ കെ.എൽ.രാഹുൽ (35 പന്തിൽ 21), ആവേശ് ഖാൻ (2 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.