ലണ്ടനിലെ ഉപരി പഠനം ഉപേക്ഷിച്ച് വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങി നടി സാനിയ ഇയ്യപ്പൻ. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോർ ദ് ക്രിയേറ്റീവ് ആർട്സിൽ ആക്ടിങ് ആന്റ് പെർഫോമൻസ് എന്ന ബിരുദത്തിനായിരുന്നു സാനിയ ചേർന്നിരുന്നത്. എന്നാൽ മൂന്ന് വർഷത്തെ കോഴ്സിനിടയിൽ ക്ലാസുകളും കരാർ ഒപ്പിട്ട സിനിമകളുടെ ഷെഡ്യൂളുകളും തമ്മിൽ ഒത്തുപോകാതെ വന്നതോടെയാണ് താരം പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
‘ഒരു വലിയ കഥ ചുരുക്കി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടൻ എന്നെ വിളിച്ചു, പക്ഷേ സിനിമയോടുള്ള എന്റെ സ്നേഹത്തിന് മറ്റ് പദ്ധതികൾ ഉണ്ടായിരുന്നു. അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും തമ്മിൽ ക്ലാഷായി. ലീവും ലഭിക്കാതെ ഇരിക്കുന്ന സാഹചര്യം വന്നു. അതുകൊണ്ട് ഗിയർ മാറ്റാൻ സമയമായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാൻ തിരിച്ചു വരുന്നു’ എന്നാണ് സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
സെപ്റ്റംബറിൽ സാനിയയുടെ കോഴ്സ് ആരംഭിച്ചിരുന്നു. അതിനിടയിലാണ് താരം പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നത്. ഡാൻസ് റിയാലിറ്റി ഷോയിലൂടെയെത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.