നാഗചൈതന്യയുടെ പേരുള്ള ടാറ്റു നീക്കം ചെയ്ത് സമാന്ത റൂത്ത് പ്രഭു. ഇരുവരുടെയും പ്രണയത്തിന്റെ ഭാഗമായി ‘ചൈ‘ എന്ന് കുത്തിയ ടാറ്റുവാണ് സമാന്ത നീക്കം ചെയ്തത്. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളിൽ ടാറ്റു കാണാനില്ലെന്നാണ് ആരാധകരുടെ കണ്ടെത്തൽ. വിവാഹത്തിന് മുമ്പ് പ്രണയ സൂചകമായി 3 കപ്പിൾ ടാറ്റുവാണ് ഇരുവരും ശരീരത്തിൽ പച്ചകുത്തിയിരുന്നത്.
അതിൽ ആദ്യത്തേത് നടിയുടെ കഴുത്തിന് പിറകിലായിരുന്നു. തമ്മിൽ കാണാൻ നിമിത്തമായ ആദ്യ സിനിമയുടെ ചുരുക്കപ്പേരായ എം.വൈ.സി എന്ന ഇംഗ്ലീഷ് അക്ഷരങ്ങളാണ് കഴുത്തിന് പിറകിലായി സമാന്ത ടാറ്റു ചെയ്തിരിക്കുന്നത്. പുരുഷന്റെ വാരിയെല്ലുകൊണ്ടാണ് അവന്റെ പങ്കാളിയ്ക്ക് ജീവൻ നൽകിയത് എന്ന് സൂചിപ്പിക്കുന്ന തരത്തിൽ രണ്ടാമത്തെ ടാറ്റു താരത്തിന്റെ വലത് വശത്തുള്ള വാരിയെല്ലിന് മുകളിലാണ് പതിപ്പിച്ചിരുന്നത്. നാഗചൈതന്യയുടെ ചുരുക്കപ്പേരായിരുന്ന ചൈ എന്നാണ് അതെന്ന് വിവാഹശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ സമാന്ത വ്യക്തമാക്കിയിരുന്നു.
സമാന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്തിട്ടുള്ള കപ്പിൾ ടാറ്റുവാണ് മൂന്നാമത്തേത്. പരസ്പരം ഉന്നംവെച്ചിട്ടുള്ള ആരോ മാർക്കുകളാണ് ഇവരുടെയും കൈത്തണ്ടയിൽ പതിപ്പിച്ചിട്ടുള്ളത്. 2017-ലായിരുന്നു സാമന്തയും ചൈതന്യയും തമ്മിലുള്ള വിവാഹം നടന്നത്. 2021 ഒക്ടോബർ 2 ന് ഔദ്യോഗികമായി ഇരുവരും വിവാഹമോചനം സ്ഥിതീകരിക്കുകയും ചെയ്തു.