നടിയെ അതിക്രമിച്ച കേസിൽ ദിലീപ് പറഞ്ഞ കാര‍്യങ്ങൾ വിശ്വസിക്കുന്നുവെന്ന് നടൻ സലിം കുമാർ. കേസിനെ കുറിച്ച് ദിലീപിനോട് നേരിട്ട് ചോദിച്ചതാണെന്നും കുഞ്ഞുങ്ങളെ കൊണ്ട് സത്യം ചെയ്തുവെന്നും അദ്ദേഹം ഇത് ചെയ്തില്ലെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും നടൻ കൂട്ടിച്ചേർത്തു. ‘കേസിനെ കുറിച്ച് ദിലീപിനോട് നേരിട്ട് ചോദിച്ചതാണ്. തെറ്റും ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. കുട്ടികളെ പിടിച്ച് സത്യം ചെയ്തു. അങ്ങനെയൊക്കെ പറയുമ്പോൾ എങ്ങനെയാണ് വിശ്വസിക്കാതിരിക്കുക? ഒരു മനുഷ്യൻ അങ്ങനെ പറയില്ല. അദ്ദേഹമത് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണിഷ്ടം. എന്റെ വിശ്വാസം ശരിയാകാം തെറ്റാകാം’- സലിംകുമാർ പറഞ്ഞു.
ഇന്നത്തെ സിനിമകളിൽ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് ഹ്യൂമറിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു. . ഒരുപാട് നിയന്ത്രണങ്ങളുള്ളിടത്ത് ഹ്യൂമർ ഫലിക്കില്ലെന്ന് പറഞ്ഞ നടൻ, മമ്മൂട്ടിക്ക് പോലും പൊളിറ്റിക്കൽ കറക്ട്‌നെസ്സിന്റെ പേരിൽ മാപ്പ് പറയേണ്ടിവന്നുവെന്ന് വ്യക്തമാക്കി.
“എനിക്ക് ഇന്നും കോമഡി വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടം. ആളുകളെ പൊട്ടിച്ചിരിപ്പിക്കാൻ ഇഷ്ടമാണ്. പക്ഷേ തമശയ്ക്ക് ഇവിടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ തമാശകൾ രൂപപ്പെടുത്തുന്നതിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് തടസമാകുന്നുണ്ട്. ഇത് ആളുകളുടെ സെൻസ് ഓഫ് ഹ്യൂമറിനെയും ബാധിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് നമുക്ക് ഒരാളെ മൊട്ടയെന്നോ കറുത്തവനെന്നോ വിളിക്കാൻ പറ്റില്ല. കാരണം എന്ത് പറഞ്ഞാലും അതിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് ആണ്. എപ്പോഴാണ് കേസ് വരുന്നതെന്ന് നമുക്കറിയില്ല. ഒരു കൂട്ടിൽ അടച്ചിട്ടാണ് തമാശകൾ എഴുതുന്നത്. യാതൊരുവിധ തടസ്സങ്ങളും തമാശകൾക്ക് ഉണ്ടാകരുത്. എന്നാൽ മാത്രമെ ഹാസ്യം നിലനിൽക്കൂ”, എന്നാണ് സലീം കുമാർ പറയുന്നത്.