ജീവിത പങ്കാളി ജോർജിന റോഡ്രിഗസുമായി ഭാവിയിൽ വേര്‍പിരിയേണ്ടി വന്നാൽ സ്വത്തുക്കളൊന്നും കൈവിട്ട് പോകാതിരിക്കാനുള്ള കരാറുണ്ടാക്കി പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പോർച്ചുഗീസ് ചാനലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും ഭാവിയിൽ പിരിഞ്ഞാലും ജോര്‍ജിനയ്ക്ക് ഓരോ മാസവും റൊണാൾഡോയിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. കൂടാതെ കുട്ടികളുമായി ബന്ധം തുടരാൻ അനുവദിക്കുകയും ചെയ്യുമെന്നാണ് കരാറിലെ വ്യവസ്ഥ.
1,09,000 ഡോളർ (ഏകദേശം 89,40,000 രൂപ) ആണ് ജോർജിനയ്ക്ക് ഓരോ മാസവും ലഭിക്കുക. എന്നാൽ വേർപിരിയുകയാണെങ്കിൽ ഈ തുക ഉയർത്താമെന്നാണ് കരാറിലെ ധാരണ. കൂടാതെ ‘സോയ് ജോർജിന’ എന്ന നെറ്റ്ഫ്ലിക്സ് സീരിസില്‍ കാണിക്കുന്ന ലാ ഫിൻക ഹൗസും ജോർജിനയ്ക്ക് സ്വന്തമാവും. റൊണാൾഡോ ജൂനിയർ, മാറ്റിയോ റൊണാൾഡോ, ഈവ മരിയ, അലാന മാർട്ടിന, ബെല്ല എസ്മെറാൾഡ എന്നിവരാണ് റൊണാൾഡോയുടെയും ജോർജിനയുടെയും അഞ്ച് മക്കൾ.
2016 മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിനയും ഡേറ്റിങ്ങിലാണ്. ഇറ്റാലിയൻ ഫാഷൻ സ്ഥാപനമായ ഗുച്ചിയുടെ റീട്ടെയ്ൽ സ്റ്റോറിൽവച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. എന്നാൽ ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങളായി റൊണാൾഡോയും ജോർജിനയും ഒരുമിച്ചാണ് താമസിക്കുന്നത്. ഇരുവരും വേർപിരിയുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദി പ്രോ ലീഗ് ക്ലബ് അൽ- നാസറിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കളിക്കുന്നത്.