കഴിഞ്ഞ ദിവസമാണ് പാരിസ് സെന്റ് ജർമെയിനിൽനിന്ന് (പി.എസ്.ജി) മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസ്സിയെ ക്ലബ് ആരാധകർക്ക് മുമ്പിൽ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ മെസ്സിക്കെതിരെ ഒളിയമ്പുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അമേരിക്കൻ മേജർ ലീഗ് സോക്കറിനേക്കാൾ (എം.എൽ.എസ്) മികച്ചത് സൗദി പ്രോ ലീഗാണെന്നാണ് സൗദി അൽ നസ്റിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്. സെല്‍റ്റ വിഗോക്കെതിരായ അല്‍ നസ്‌റിന്റെ പ്രീ-സീസണ്‍ സൗഹൃദ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മേജര്‍ ലീഗ് സോക്കറിനേക്കാള്‍ മികച്ച ലീഗ് സൗദിയുടേതാണെന്ന് ക്രിസ്റ്റ്യാനോ അവകാശപ്പെട്ടത്. ഭാവിയില്‍ എംഎല്‍എസിലേക്ക് മാറുമോ എന്ന ചോദ്യത്തോട് അമേരിക്കയിലേക്കെന്നല്ല ഇനി ഒരു യൂറോപ്യന്‍ ക്ലബിലേക്കും പോവില്ലെന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്.
സൗദി ലീഗിലേക്കുള്ള വഴി തുറന്നു. ഇപ്പോൾ എല്ലാ കളിക്കാരും അങ്ങോട്ട് വരുന്നു. 38 വയസ്സായി. മറ്റൊരു യൂറോപ്യന്‍ ക്ലബിന് വേണ്ടിയും ഞാനിനി കളിക്കില്ലെന്നത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. യൂറോപ്യന്‍ ഫുട്‌ബാളിന് നിലവാരം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മാത്രമാണ് യൂറോപ്പില്‍ നിലവാരമുള്ളത്. മറ്റേതിനേക്കാളും ഉയര്‍ന്ന നിലവാരം പ്രീമിയര്‍ ലീഗിനുണ്ട്. അത്രയും നിലവാരം സ്പാനിഷ് ലീഗിനില്ല എന്നത് സത്യമാണ്. പോര്‍ച്ചുഗീസ് ലീഗ് മികച്ചതെങ്കിലും വേണ്ടത്ര നിലവാരമില്ല. ജര്‍മന്‍ ലീഗും അതുപോലെ തന്നെയാണ് എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
ഞായറാഴ്ച 20,000ത്തിലധികം കാണികളാണ് മെസ്സിയെയും ബാഴ്സലോണയിലെ മുൻ സഹതാരം സെർജിയോ ബുസ്കറ്റ്സിനെയും ക്ലബ്ബിലേക്ക് അവതരിപ്പിക്കുന്ന ചടങ്ങിനെത്തിയത്. ഇരുവർക്കും 2025 വരെയാണ് കരാർ. അതേസമയം മെസ്സിയും സൗദി പ്രോ ലീഗിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ആരാധകരെ അമ്പരപ്പിച്ച് താരം ഇന്റർ മയാമിയുമായി കരാർ ഒപ്പിടുകയായിരുന്നു.