പുരുഷ സഹവാസമില്ലാതെ കുഞ്ഞുങ്ങൾ ഉണ്ടാകുമോ, സാധ്യത കുറവാണെന്നല്ലേ..? എങ്കിൽ അത്തരത്തിലുള്ള ഒരു ഗർഭമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇവിടെ ഗർഭിണിയായിരിക്കുന്നത് മനുഷ്യനല്ല, ഒരു തിരണ്ടിയാണ്! തിരണ്ടിയുടെ ഗർഭത്തിന്റെ ഉത്തരവാദിയെ അന്വേഷിച്ചു നടന്ന സോഷ്യൽ മീഡിയയ്ക്ക് അവസാനം ഉത്തരവും കിട്ടി.
സംഭവം നടക്കുന്നത് അമേരിക്കയിലെ നോർത്ത് കാരോലൈനയിലാണ്. കുറച്ച് കാലമായി ഒറ്റയ്ക്ക് അക്വേറിയത്തിൽ കഴിഞ്ഞിരുന്ന ഷാർലറ്റ് എന്ന തിരണ്ടിയാണ് ഗർഭിണിയായത്. അതിലെന്താണ് അതിശയം എന്നല്ലേ. മറ്റ് ആൺതിരണ്ടികളുമായൊന്നും ഷാർലറ്റ് സഹവസിച്ചിട്ടില്ലെന്നാണ് തിരണ്ടിയുടെ ഉടമ പറയുന്നത്. പിന്നെയെങ്ങനെയാണ് ഗർഭമുണ്ടായതെന്നായിരുന്നു എല്ലാവരുടെയും സംശയം. ഒരുപാട് പഠനങ്ങൾക്ക് ശേഷം അധികൃതർ കാരണവും കണ്ടെത്തി.
അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കാറുള്ള പാർഥനോജെനസിസ് എന്ന പ്രജനന പ്രക്രിയയാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്. അതായത്, അണ്ഡത്തിൽ പുരുഷബീജം സങ്കലനം നടത്താതെ സ്വയം അണ്ഡം മുട്ടയായി മാറുന്ന അവസ്ഥയാണിത്. ഇത്തരത്തിലുണ്ടാകുന്ന കുട്ടികൾ അമ്മയുടെ തനി ക്ലോൺ പകർപ്പുകളായിരിക്കും. ഇക്കാര്യം ഷാർലറ്റിന് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ പരിശോധിച്ച് മനസിലാക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.