നടനും മിമിക്രി കലാകരനുമായ കൊല്ലം സുധിയുടെ വേർപാട് വിശ്വസിക്കാൻ മലയാളികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. സുധിയുടെ മരണത്തോടെ പ്രിയതമൻ്റെ ഓർമ്മകളുമായി കഴിയുകയാണ് ഭാര്യ രേണു. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ രേണു അഭിനയരംഗത്ത് സജീവമാകുകയാണ്. കൊച്ചിൻ സംഗമിത്രയിലൂടെ നടകത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് രേണു.
സംഗമിത്രയുടെ നാടകമായ ‘ഇരട്ടനഗര’ത്തിൽ കോളേജ് വിദ്യാർത്ഥിനിയായാണ് രേണു രംഗപ്രവേശം ചെയ്യുന്നത്. നാടകത്തിന്റെ റിഹേഴ്സൽ അടുത്തയാഴ്ച ആരംഭിക്കും. തുടർന്ന് ഓഗസ്റ്റ് ആദ്യവാരത്തോടെ നാടകം പ്രദർശനത്തിന് എത്തുകയും ചെയ്യും. അഭിനയത്തോട് അതിയായ താത്പര്യമുള്ളതിനാലാണ് താൻ ഇതിന് തയ്യാറായതെന്നാണ് രേണു വ്യക്തമാക്കുന്നത്. ‘അഭിനയം ഇഷ്ടമാണ്. ഒരു ആൽബത്തിൽ അഭിനയിച്ചിരുന്നു. നിർമ്മാണത്തിലിരിക്കുന്ന സിനിമയിൽ വേഷം ചെയ്യുന്നുണ്ട്. സ്കൂൾ പഠന കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നൃത്തവും ഇഷ്ടമാണ്’ എന്നാണ് രേണു പറഞ്ഞത്.
2017 മെയിലായിരുന്നു സുധിയും രേണുവും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവർക്കും ഋതുൽ ദാസ് എന്ന മകനുമുണ്ട്. സുധിയുടെ മകനായ രാഹുൽ ദാസ് പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയാണ്. 2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു സുധി മരണപ്പെട്ടത്.