സംവിധായകനും നടനുമായ ബേസിൽ ജോസഫുമായുള്ള ചിത്രം പങ്കുവെച്ച് പ്രമുഖ ഛായാഗ്രാഹകൻ രവി വർമ്മൻ. അതേസമയം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് കമന്റുമായി ബോളിവുഡ് താരം രൺവീർ സിങ് എത്തിയതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകർ. മൂവരും ഒന്നിച്ച് ഒരു ചിത്രം വരുന്നുണ്ടോ എന്നാണ് ഇപ്പോൾ ഉയരുന്ന ചർച്ചകൾ.
സൂപ്പർഹീറോ ചിത്രമായ ശക്തിമാന് വേണ്ടിയുള്ള കൂടിക്കാഴ്ചയാണോ ഇത് എന്നാണ് ആരാധകരുടെ ചോദ്യം. തൊണ്ണൂറുകളിൽ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ശക്തിമാന് ബിഗ് സ്ക്രീനിലേക്ക് വീണ്ടുമെത്തുന്നു എന്ന ചർച്ചകൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫ് ആയിരിക്കുമെന്ന അഭ്യൂഹങ്ങളാണ് ഈ ചിത്രം നൽകുന്നത്. മിന്നൽ മുരളിയിലൂടെ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയെ അവതരിപ്പിച്ച സംവിധായകനാണ് ബേസിൽ ജോസഫ്.
സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു ശക്തിമാൻ വീണ്ടും വരുന്നു എന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ ചിത്രത്തിന്റെ സംവിധായകന്, അഭിനേതാക്കള്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. അതേസമയം രൺവീർ സിങ് ടെെറ്റിൽ റോളിൽ എത്തുമെന്നും ബേസിൽ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്നുമുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ ശക്തമാവുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന് ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ്.