സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വളരെയധികം ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ് ഡീപ്പ് ഫേക്ക് വീഡിയോകൾ. നിരവധി താരങ്ങളുടെ ഡീപ്പ് ഫെയ്ക്ക് വീഡിയോകളാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട താരമാണ് രശ്മിക മന്ദാന. തന്റെ ഡീപ്പ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് തുറന്നുസംസാരിച്ചിരിക്കുകയാണ് താരം. ഡീപ്പ് ഫെയ്ക്ക് പോലുള്ള സമൂഹ്യ വിപത്തുകൾക്കെതിരെ നിരന്തരം സംസാരിക്കേണ്ടത് അനിവാര്യമാണെന്നും പെൺകുട്ടികളുടെ അവസ്ഥയെക്കുറിച്ച് ഭയം തോന്നുന്നുവെന്നും രശ്മിക പറഞ്ഞു.
“ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് നിരന്തരം സംസാരിക്കേണ്ടി വരുന്നത്. ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെങ്കിൽ എനിക്ക് ഇത്രയും പിന്തുണ ലഭിക്കില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന ഒരു സാധാരണ പെൺകുട്ടിയെക്കുറിച്ചോർത്തു നോക്കൂ. എനിക്കവരെയോർത്ത് ഭയം തോന്നുന്നു. ഇത്തരം സംഭവങ്ങൾ നൽകുന്ന മാനസികാഘാതമുണ്ട്. അതിനെ അതിജീവിക്കുക എളുപ്പമല്ല” എന്നാണ് താരം വ്യക്തമാക്കിയത്.
രശ്മിക മന്ദാനയുടെ ഡീപ്പ് ഫെയ്ക്ക് വീഡിയോകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഡൽഹി പോലീസ് കേസെടുക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രശ്മികയ്ക്ക് പുറമെ കജോൾ, കത്രീന കൈഫ്, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങി നിരവധി പേരുടെ വ്യാജ വീഡിയോകളും പ്രചരിച്ചിരുന്നു.