ചിത്രീകരണം ആരംഭിച്ച് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ’ത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടർന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചത്. രൺബീർ കപൂറും സായി പല്ലവിയും രാമനും സീതയുമായെത്തുന്ന ചിത്രം 700 കോടി ബജറ്റിലാണ് ചിത്രീകരിക്കുന്നത്.
അടുത്ത വർഷം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. നിതേഷ് തിവാരിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. ആദ്യഘട്ടത്തിൽ ചിത്രത്തിൻ്റെ നിർമ്മാതാവായിരുന്ന മധു മണ്ടേന ചിത്രത്തിൽ നിന്നും പിൻമാറിയിരുന്നു. അദ്ദേഹത്തിന്റെ ബാധ്യതകളും നഷ്‌ടപരിഹാരവും നൽകാതെ ചിത്രീകരണം തുടർന്നത് തർക്കത്തിലേയ്ക്കും വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് ചിത്രീകരണം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നോട്ടീസിലെ നിയമവശങ്ങൾ പഠിച്ചുവരികയാണെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ ഷൂട്ടിങ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്‌തമാക്കി. രൺബീർ കപൂർ രാമനായും സായി പല്ലവി സീതയായും എത്തുന്ന രാമായണത്തിൽ രാവണനായി യാഷ് എത്തുമെന്നായിരുന്നു റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനിയായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്‌റ്റുഡിയോസും യഷിന്റെ ഉടമസ്ഥതയിലുള്ള മോൺസ്‌റ്റർ മൈൻഡ് ക്രിയേഷൻസും ഒന്നിച്ചാകും ചിത്രം നിർമ്മിക്കുന്നത്.