സാധാരണക്കാരനായി ജീവിതം തുടങ്ങി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. ഒരു നടനാകുക എന്നതിലുപരി ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ഓട്ടത്തിനിടയിൽ അഭിനയ രംഗത്തേയ്ക്കെത്തിയ രജനികാന്ത് തമിഴ് സിനിമാ പ്രക്ഷകരുടെ മനസിൽ ചിരകാല പ്രതിഷ്ഠ നേടുകയായിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ജീവിതം സിനിമയാകുകയാണ്.
രജനികാന്തിന്റെ ജീവിതം ബോളിവുഡിലാണ് സിനിമയാക്കുന്നത്. പ്രമുഖ നിർമ്മാതാവായ സാജിദ് നദിയാവാലയാണ് ചിത്രം നിർമ്മിക്കുക. രജനികാന്തും അദ്ദേഹത്തിൻ്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി കൂടിയാണ് നദിയാവാല. രജനികാന്ത് എന്ന താരത്തിനപ്പുറം രജനികാന്ത് എന്ന മനുഷ്യനെയാണ് ചിത്രീകരിക്കുകയെന്നും സിനിമാപ്രേമികൾക്ക് അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ അടുത്ത് മനസിലാക്കാൻ സാധിക്കുമെന്നും നദിയാവാല വ്യക്തമാക്കി. അതേസമയം സിനിമയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ബസ് കണ്ടക്ടറായി ജീവിതം തുടങ്ങിയ രജനികാന്ത് 1975ൽ പുറത്തിറങ്ങിയ അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാരംഗത്തേയ്ക്കെത്തുന്നത്. പിന്നീടിങ്ങോട്ട് വിവിധ ഭാഷകളിൽ എണ്ണമറ്റ ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം തമിഴ്നാടിന്റെ മുഖമായി മാറുകയായിരുന്നു. പ്രായത്തെ വെല്ലുന്ന അഭിനയ ചാരുതയോടെ ഇന്നും തമിഴ് സിനിമാ ഇന്റസ്ട്രിയിൽ സജീവമായ രജനികാന്ത് എന്നും ആരാധകർക്ക് ആവേശമാണ്.