പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ സൂപ്പർസ്റ്റാർ രജനികാന്തിനെ വരവേറ്റ് മലയാളി ആരാധകർ. ചിത്രീകരണത്തിനായി താരം കടന്നുപോകുന്ന വഴികളെല്ലാം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ കാണുവാനായി കാത്ത് നിൽക്കുന്നത്. ആരാധകരെ കണ്ട താരം കാറിന്റെ സണ്‍ റൂഫ് തുറന്ന് അവരെ അഭിവാദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സെലിബ്രിറ്റി ഫൊട്ടോഗ്രാഫറായ ബിജു സി.ജി. എടുത്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിൽ ചെറുപ്പമായി മാറിയ രജനിയെ കാണാം. ജയിലറിലെ ലുക്കിൽ നിന്ന് അപ്പാടെ മാറി കുറച്ചുകൂടി ചെറുപ്പമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ രജനി അവതരിപ്പിക്കുന്നത്. ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് രജനി തിരുവനന്തപുരത്തെത്തിയത്. ‘തലൈവർ 170’ എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന താൽക്കാലിക പേര്.
ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം. സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇത്. മാത്രമല്ല, ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാരിയർ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രത്തിന്റെ നിർമാണം. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
അതേസമയം താരത്തിന്റെ ലൊക്കേഷൻ സ്റ്റിൽ എന്ന പേരിൽ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കോവളം ബീച്ചിൽ ഷര്‍ട്ട് ധരിക്കാതെ മാസ് ലുക്കിൽ നിൽക്കുന്ന രജനി എന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിച്ചത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത സ്റ്റില്ലുകളാണെന്ന് പിന്നീട് കണ്ടെത്തി.