100 കോടി ക്ലബ്ബും കടന്ന് വിജയക്കുതിപ്പ് തുടരുകയാണ് ഗിരീഷ് എ.ഡിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ‘പ്രേമലു’. മലയാളത്തിലെ പല കളക്ഷൻ റെക്കോർഡുകളും തിരുത്തി തിയേറ്ററുകളിൽ നിറഞ്ഞാടുന്ന പ്രേമലു തെലുങ്കിലും വിജയം ആവർത്തിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൻ്റെ സക്‌സസ് മീറ്റിൽ താരങ്ങളെ വാനോളം പ്രശംസിച്ചിരിക്കുകയാണ് സംവിധായകൻ എസ്.എസ് രാജമൗലി.
മലയാള സിനിമ ഇൻഡസ്ട്രി മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിൽ വിജയിക്കുകയാണെന്നും ഒരല്പം അസൂയയോടും വേദനയോടും കൂടിയാണ് താനിത് പറയുന്നതെന്നും അദ്ദേഹം ഹാസ്യരൂപേണ പറഞ്ഞു. സിനിമ കണ്ട് ചിരിയടക്കാൻ കഴിഞ്ഞില്ലെന്നും നായികയായ മമത ബൈജു ഗീതാഞ്ജലിയിൽ അഭിനയിച്ച ഗിരിജയെയും സായി പല്ലവിയെയും പോലെ ആരാധകരുടെ ഹൃദയത്തുടിപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജമൗലി പറഞ്ഞു.
മമിതയെ മാത്രമല്ല പ്രേമലുവിൽ പ്രധാന വേഷങ്ങളിലെത്തിയ നസ്‌ലിൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ ഉൾപ്പടെയുള്ള എല്ലാ താരങ്ങളെയും രാജമൗലി അഭിനന്ദിച്ചു. ഒരോ കഥാപാത്രത്തിന്റെയും പ്രത്യേകതകൾ എടുത്തുപറഞ്ഞാണ് അദ്ദേഹം അഭിനേതാക്കളെ പ്രശംസിച്ചത്. ചിത്രത്തിന്റെ വിജയത്തിന് ആദ്യം ക്രെഡിറ്റ് നൽകേണ്ടത് എഴുത്തുകാരന് തന്നെയാണ്. അദ്ദേഹം ഈ സിനിമയിൽ ഉപയോഗിച്ച ഓരോ വാചകങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ പോന്നവയാണ്. ഇതിനു മുൻപ് ഇതുപോലെ ഒരു സിനിമ കണ്ടു പൊട്ടിചിരിച്ചത് എന്നാണെന്ന് ഓർമ്മയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേമലുവിൻ്റെ തെലുങ്ക് വിതരണാവകാശം വലിയ തുകയ്ക്ക് നേടിയെടുത്തത് രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയനാണ്.