ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രകാരന്മാർ മാറ്റുരക്കുന്ന വേദിയാണ് ‘കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവൽ’. ഇവിടെ, മലയാളികൾക്കും അഭിമാനിക്കാൻ ഒരു നിമിഷം. ഷോർട്ട്ഫിലിം വിഭാഗം ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ഖത്തർ മലയാളിയുടെ ചിത്രം. ഖത്തറിലെ ഹ്യൂണ്ടായ് കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയർ ആയി ജോലിചെയ്യുന്ന തിരൂർ ചേന്നര സ്വദേശി നെഹ്ജുൽ ഹുദയുടെ ‘ഒച്ച്’ എന്ന ചിത്രമാണ് ‘കാൻ’ ലോകമേളയുടെ ബിഗ് സ്ക്രീൻ അങ്കത്തിൽ ഇടം നേടി മലയാളികളുടെ യശസ്സ് ഉയർത്താൻ പോകുന്നത്.
വിവിധ രാജ്യങ്ങളിൽനിന്ന് എൻട്രിയായി ലഭിക്കുന്ന ആയിരത്തിലേറെ ഹ്രസ്വചിത്രങ്ങളിൽനിന്നാണ് നഹ്ജുൽ ഹുദയുടെ 14 മിനിറ്റ് ദൈർഘ്യമുള്ള ഒച്ചും ഇടംപിടിച്ചത്. എല്ലാ മാസങ്ങളിലുമായി നടക്കുന്ന മത്സരത്തിന്റെ ഏപ്രിൽ എഡിഷനിലെ മത്സരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടം നേടിയ 89 ചിത്രങ്ങളിൽ ഒന്നാണ് ഒച്ച് എന്നതിൽഅഭിമാനിക്കാം. ഒരു സ്കൂൾ ക്ലാസ് മുറിയിലെ വിദ്യാർഥിയിലൂടെ രാജ്യത്തെ വലിയ രാഷ്ട്രീയങ്ങൾ പറഞ്ഞുകൊണ്ടാണ് ഒച്ച് ലോകവേദിയിൽ കാഴ്ചക്കാരിലെത്തുന്നത്. ഉറപ്പായും ലോകത്തെ സ്വാധീനിക്കാൻ ഒച്ചിന് കഴിയും.
സ്കൂളിൽ നിന്നും ലഭിക്കുന്ന ഹോം വർക്കിന് ഉത്തരം കണ്ടെത്താൻ വേണ്ടി ശ്രമിക്കുന്ന 13 കാരിയായ വിജിത എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് ഒച്ച് വികസിക്കുന്നത്. സമകാലിക ഇന്ത്യയിലെ ജാതി, ലിംഗ അസമത്വങ്ങളും, സ്വസ്ഥജീവിതം തേടി നാടുവിടുന്ന യുവാക്കളും, ഭരണകൂടം വിതക്കുന്ന ഫാഷിസവുമൊക്കെ സൃഷ്ടിക്കുന്ന അരക്ഷിതാവാസ്ഥ വളരെ കുറച്ച് നേരംകൊണ്ട് സ്ക്രീനിൽ വരച്ചിടാൻ ഒച്ചിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ എട്ടു വർഷത്തോളമായി ഖത്തർ പ്രവാസിയായ നഹ്ജു തന്റെ പ്രവാസ ജീവിതത്തിലെ തിരക്കിനിടയിൽ കുത്തിക്കുറിച്ചിടുന്ന ആശയങ്ങളും ചിന്തകളുമാണ് അവധിക്ക് നാട്ടിലെത്തുമ്പോൾ കൂട്ടുകാർക്കൊപ്പം ശക്തമായ കാര്യങ്ങൾ സംസാരിക്കുന്ന ചിത്രങ്ങളായി ക്യാമറയിൽ പതിയുന്നത്. തന്റെ തന്നെ നേതൃത്വത്തിലുള്ള ‘ടൈം കാപ്സ്യൂൾ മീഡിയ’യുടെ ബാനറിൽ എഴുത്തും സംവിധാനവും നഹ്ജു തന്നെയാണ് നിർവഹിച്ചത്. കാത്തിരുന്ന് കാണാം ഒച്ച് കാനിലെ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതും കയ്യടികൾ വാരി കൂട്ടുന്നതും.