മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന നിലപാട് പി. വി. ആർ പിൻവലിച്ചു. പ്രതിഷേധവുമായി ഫെഫ്ക സംവിധായക സംഘടന മുന്നോട്ട് വന്നിരുന്നു. പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്നും ഫെഫ്ക നിലപാട് സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.
രണ്ടു ദിവസം മുമ്പാണ് മലയാള സിനിമയുടെ ബുക്കിങ്ങും പ്രദർശനവും പി.വി. ആർ തിയറ്റർ ശൃംഖല നിർത്തിവെക്കുന്നത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് പി.വി.ആറിൽ സിനിമ പ്രദർശനം നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. തിയറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം തന്നെ നിർമാതാക്കളുടെ കൈയിൽ നിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്.
പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽ താഴെ മാത്രം ചെലവിൽ തിയറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ ഉയർന്ന തുക നൽകി സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്താണ് എന്നാണ് നിർമാതാക്കളുടെ സംഘടന ചോദിക്കുന്നത്. ഇതിനെ തുടർന്ന് ഡിജിറ്റൽ കണ്ടന്റ് സംവിധാനം വഴി മലയാളി നിർമാതാക്കൾ മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയതാണ് പി.വി.ആറിനെ ചൊടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വിഷു റിലീസായി ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ‘ആവേശം’, ‘വർഷങ്ങൾക്ക് ശേഷം’, ‘ജയ് ഗണേഷ്’തുടങ്ങിയ ചിത്രങ്ങൾ പി.വി. ആറിൽ പ്രദർശിപ്പിച്ചില്ല.