നടൻ സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തിന്റ കൃത്യനിർവ്വഹണത്തിലെ മികവിനെ പ്രശംസിച്ച് നിർമ്മാതാവും നടനുമായ സുരേഷ് കുമാർ. സിനിമാക്കാർക്കും അല്ലാത്തവർക്കും അനുഗ്രഹമാണ് അദ്ദേഹത്തിൻ്റെ കേന്ദ്രമന്ത്രി സ്ഥാനമെന്നും സഹോദരതുല്യമായ ബന്ധമാണ് സുരേഷ് ഗോപിയുമായി ഉള്ളതെന്നും സുരേഷ് കുമാർ പറഞ്ഞു. അതേസമയം, അദ്ദേഹത്തിന് ആകെയുള്ള പ്രശ്നം മുൻശുണ്ഠിയാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.
സഹപ്രവർത്തകരും കൂട്ടുകാരും ചേർന്ന് തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിക്ക് നൽകിയ സ്വീകരണത്തിലായിരുന്നു സുരേഷ് കുമാറിന്റെ തുറന്നുപറച്ചിൽ. “ഇപ്പോൾ പുറത്തു പറയാനാകാത്ത ഒരു വിഷയം നിലവിൽ ഉണ്ടെന്ന് സുരേഷ് ഗോപിയെ അറിയിച്ചിരുന്നു. മിനിസ്ട്രിയിൽ ഇടപെടണം എന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അഞ്ചു മണിക്കൂറിനുള്ളിൽ ഐടി മന്ത്രാലയത്തിൽ നിന്നും, അരമണിക്കൂറിനു ശേഷം വിജിലൻസിൽ നിന്നും എനിക്ക് വിളി വന്നു. എന്താണ് പ്രശ്‌നം എന്ന് അവർ കേട്ടു. അത്ര വേഗത്തിലാണ് കാര്യങ്ങൾ നടക്കുന്നത്.
കോട്ടയത്ത് പെട്രോൾ പമ്പിൽ നിന്നും വെള്ളം കലർന്ന പെട്രോൾ നൽകിയ സംഭവത്തിലും സുരേഷ് ഗോപി വളരെ പെട്ടെന്ന് തീരുമാനം ഉണ്ടാക്കിയല്ലോ. ആര് എന്ത് വിഷമം പറഞ്ഞാലും അത് നിവർത്തിച്ചു കൊടുക്കാൻ മനസുള്ള ആളാണ് സുരേഷ് ഗോപി. ആദ്യ സിനിമയിൽ അഭിനയിക്കാൻ വന്നതുമുതൽ സുരേഷിനെ എനിക്ക് പരിചയമുണ്ട്. സുരേഷിന് ആകെയുള്ളൊരു പ്രശ്നം മുൻശുണ്ഠിയാണ്. അതിനാൽ പല കലഹങ്ങളും ഉണ്ടാകാറുമുണ്ട്. എങ്കിലും ഒരു സഹോദരനെക്കാൾ വലിയ ആത്മബന്ധം എനിക്ക് അദ്ദേഹവുമായുണ്ട്.
സിനിമാക്കാർക്കും അല്ലാത്തവർക്കും അനുഗ്രഹമാണ് സുരേഷിന്റെ ഈ സ്ഥാനം. 1984-ലാണ് ബിജെപിയിൽ ഞാൻ അംഗത്വം എടുക്കുന്നത്. പാർട്ടിയുടെ ആചാര്യൻ മുകുന്ദേട്ടൻ സുരേഷ് ഗോപിയെ ഇലക്ഷനിൽ നിർത്താൻ ആഗ്രഹിച്ചു. ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തിനടുത്ത് എന്നെ പറഞ്ഞുവിടാറുണ്ട്. സുരേഷ് അന്നൊന്നും സമ്മതിച്ചിട്ടില്ല. ഇപ്പോൾ സുരേഷ് ഗോപി മന്ത്രി ആയപ്പോൾ അതുകാണാൻ മുകുന്ദേട്ടൻ ഇല്ല. അതിൽ മാത്രം സങ്കടമുണ്ട്” എന്നാണ് സുരേഷ് കുമാർ തുറന്നുപറഞ്ഞത്.