യൂട്യൂബിൽ സിനിമകൾ റിവ്യൂ ചെയ്ത് പ്രശസ്തനായ വ്യക്തിയാണ് അശ്വന്ത് കോക്ക്. പല സിനിമകളെയും റിവ്യൂ ബോംബിങ് ചെയ്ത് വിവാദത്തിലാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, പുതുതായി റിലീസ് ചെയ്ത ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രത്തെക്കുറിച്ച് അശ്വന്ത് ചെയ്ത റിവ്യൂവും വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് സിയാദ് കോക്കർ ആണ് സിറ്റി പൊലീസ് കമ്മീഷണർക്ക് മുൻപാകെ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യുമെന്ന് സിയാദ് കോക്കർ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ദ്രജിത്ത് നായകനായെത്തിയ ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രത്തിന്റെ റിവ്യൂവിൽ അശ്വന്ത് കോക്ക് സിനിമയിൽ അഭിനയിച്ചവരെയും അണിയറ പ്രവർത്തകരെയും അധിക്ഷേപിച്ചുവെന്നാണ് ആരോപണം. അശ്വന്ത് കോക്കിനെപ്പോലുള്ളവരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും സിയാദ് കോക്കർ അഭിപ്രായപ്പെടുന്നുണ്ട്. ഈ തൊഴിൽ ഉപേക്ഷിച്ച് വേറെ വല്ല പണിക്കു പോകാനും കാശുണ്ടാക്കാൻ വേറെ എത്രയോ മാർഗങ്ങളുമുണ്ടെന്നും സിയാദ് കോക്കർ അശ്വന്ത് കോക്കിനോടായി പറഞ്ഞു.
‘അശ്വന്ത് കോക്ക്, നിങ്ങൾ വീഡിയോ പിൻവലിച്ചതുകൊണ്ടൊന്നും കാര്യമില്ല. കാണേണ്ടവരൊക്കെ അത് കണ്ടുകഴിഞ്ഞു. പൊതുസമൂഹത്തിൽ വൃത്തികേട് വിളിച്ചു പറയുന്നവർക്ക് വ്യൂവർഷിപ്പ് വളരെ കൂടുതലായിരിക്കും. അശ്വന്ത് കോക്കിനെപ്പറ്റി എനിക്ക് നേരത്തേ അറിയാം. സിനിമ റിലീസായതിന് തൊട്ടടുത്ത ദിവസം സംവിധായകനെയും സ്ത്രീകളെയും എന്റെ മകളുടെ പേര് തന്നെ പോയിന്റ് ഔട്ട് ചെയ്തും പരിഹസിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ഒരു മില്യൺ കാഴ്ചക്കാരെ ലഭിച്ച വിദ്യാസാഗറിന്റെ പാട്ടുകൾ പോലും പുച്ഛിച്ചു തള്ളിയാണ് ഇയാൾ റിവ്യു പറയുന്നത്. ഒരുകാര്യവുമില്ലാതെ ആളുകളുടെ പ്രശ്നത്തിൽ ഇടപെട്ട് സംസാരിക്കുന്ന ആളല്ല ഞാൻ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സിനിമ നശിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം.’- സിയാദ് കോക്കർ ശക്തമായി പ്രതികരിച്ചു.
എന്തുവേണമെങ്കിലും പറയാം. പക്ഷേ ഇത്രയും നീചമായ രീതിയിൽ മിമിക്രി ചെയ്യുന്നത് പോലെ ഒരു സിനിമയെ റിവ്യൂ ചെയ്യുന്നതിനോട് ഞാനെതിരാണ്. അതിനെതിരെ നടപടിയെടുക്കാൻ എനിക്കും പൂർണമായ അവകാശമുണ്ട്. മുഴുവൻ മലയാളം ഇൻഡസട്രിക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. ബലത്തിന് ബലം തന്നെ കാണിക്കും. കേസ് നടത്തിയതുകൊണ്ട് ഉടനടി പരിഹാരം ഉണ്ടാകില്ലെന്നറിയാം. അതിന് അതിന്റേതായ മാർഗം തേടേണ്ടിവരും – സിയാദ് കോക്കർ രോക്ഷാകുലനായി
ഒരുദിവസം പോലും ഓടാത്ത സിനിമകളെ അശ്വന്ത് കോക്ക് പ്രശംസിച്ച് പറഞ്ഞ അനുഭവം എനിക്കുണ്ട്. എന്തുകൊണ്ടാണങ്ങനെ സംഭവിച്ചത്. ആർക്കുവേണ്ടിയാണ് താങ്കൾ പ്രവർത്തിക്കുന്നത്. എന്താണ് നിങ്ങളുടെ യഥാർത്ഥ ഉദ്ദേശം. സിനിമയെപ്പറ്റിയുള്ള കാഴ്ചപ്പാട് കൂടി വ്യക്തമാക്കണം. അശ്വന്ത് കോക്ക് ഒരു പോസ്റ്റിട്ടാൽ ഒന്നും സംഭവിക്കില്ല. നല്ല സിനിമയാണെങ്കിൽ ഓടും തീർച്ച – സിയാദ് കോക്കർ പറഞ്ഞു.