വിവാഹ വാർഷിക ദിനത്തിൽ വ്യത്യസ്തമായ കുറിപ്പുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. തമാശ നിറയുന്ന രീതിയിൽ വിവാഹത്തേക്കുറിച്ചും വിവാഹ മോചനത്തേക്കുറിച്ചും ലിസ്റ്റിൻ പങ്കുവെച്ച കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. വിവാഹത്തോടെയാണ് തനിക്ക് ക്ഷമ എന്ന വരദാനം ലഭിച്ചതെന്നാണ് ലിസ്റ്റിൻ കുറിച്ചത്.
ഭാര്യയ്ക്കും കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ലിസ്റ്റിൻ കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിനൊടുവിൽ താൻ ഇതൊക്കെ തമാശയ്ക്കായി പറഞ്ഞതാണെന്നും ഇതു വായിച്ച് ആരും പഞ്ഞിക്കിടാൻ വരരുതെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ ഈ പോസ്‌റ്റ് വെച്ച് താരതമ്യം ചെയ്യരുതെന്നും ലിസ്റ്റിൻ അഭ്യർത്ഥിക്കുന്നുണ്ട്. എന്തായാലും താരത്തിന്റെ കുറിപ്പ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ലിസ്റ്റിൻ സ്റ്റീഫന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ടു ലിസ്റ്റിൻ ആന്റ് ബെനിറ്റ…
യേസ്, ഇന്നാണ് ആ ദിവസം. 9 വർഷങ്ങൾ !! ഓർമക്കുറവ് വന്ന് തുടങ്ങിട്ടില്ല എന്നുള്ളത് ഇതുപോലെയുള്ള ഭൂകമ്പ ദിവസങ്ങൾ വരുമ്പോഴാണ് മനസ്സിലാക്കുന്നത്. ഇന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ നടത്തുന്ന ഒരു ബിസിനസ്സ്‌മാൻ കൂടിയാണ്. ബിസിനസ്സ് എല്ലാം വിജയകരമായി പോകുന്നത് ഞാൻ വലിയ ക്ഷമയുള്ള വ്യക്തി ആയത് കൊണ്ടാണ് എന്ന് ഞാൻ സ്വയം വിശ്വസിക്കാറുണ്ട്. ഇത്രയും ക്ഷമ എവിടുന്നാണ് കിട്ടിയത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്, അങ്ങനെ ഞാൻ ഈ ക്ഷമ എവിടുന്നാണ് വന്നത് എന്ന് അന്വേഷണം നടത്തിയപ്പോൾ ആണ് 22-08-2015 എന്ന ദിവസം മുതൽ ആണ് എനിക്ക് ക്ഷമ എന്ന വരദാനം കിട്ടിയത്.
ഇന്നേക്ക് 9 വർഷങ്ങൾ.. താങ്ക്‌യു ബെനിറ്റ പത്തും, അൻപതും, അറുപതും വർഷങ്ങളായി വിവാഹവാർഷികങ്ങൾ ആഘോഷിച്ച് മുന്നോട്ട് പോകുന്ന എത്രയെത്ര ഭാര്യാ – ഭർത്താക്കന്മാർ! അത് ആലോചിക്കുമ്പോൾ ഈ 9 വർഷങ്ങൾ ഒന്നും തന്നെ അല്ലാ !! അങ്ങനെ ഇരിക്കുമ്പോളാണ് ചില വാർത്തകൾ വരുന്നത്. 25ഉം, 30ഉം വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ട് ചില ദാമ്പത്യ ജീവിതങ്ങൾ ഡിവോഴ്‌സ് എന്ന അടുത്ത എപ്പിസോഡിലേക്ക് കടക്കുന്നത്. ഇങ്ങനെ ചിലത് ഓർക്കുമ്പോൾ നമ്മളെ ജീവിതം കൺഫ്യൂഷൻ ആക്കാറുണ്ട്, പക്ഷേ എനിക്ക് ദൈവത്തോട് പറയാനുള്ളത്. എന്നെ പരീക്ഷിക്കരുത്. രക്ഷപ്പെടുത്താൻ ആണെങ്കിൽ ഇപ്പോൾ ഈ നിമിഷം വേണം, അല്ലാതെ ഇനിയും ഒരു പത്തിരുപത് വർഷങ്ങൾ കഴിഞ്ഞിട്ട് ഇനി വേണേൽ രക്ഷപ്പെട്ടോളൂ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഞാൻ വൃദ്ധനാവും.
സുഹ്യത്തുക്കളെ ഒരു തമാശ പറഞ്ഞതാണേ, കമന്റുകൾ ഇട്ട് എന്നെ പഞ്ഞിക്കിടല്ലേ പ്ലീസ്..
NB: ഇപ്പോൾ ഹേമ കമ്മിഷൻ റിപ്പോർട്ട് വന്നതിന്റെ ചർച്ചകൾ നടക്കുമ്പോൾ എന്നെ ഈ എഴുതിയ പോസ്‌റ്റ് വച്ച് താരതമ്യം ചെയ്യല്ലേ..