ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിലുപരി വ്യക്തിപ്രഭാവം കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ താരം ഹോളിവുഡിലും ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ തങ്ങളുടെ മകൾ മാൾട്ടി മേരിയുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് പ്രിയങ്കയും ഭർത്താവ് നിക്കും.
‘ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് രണ്ട് വയസ്’ എന്ന ക്യാപ്ഷനോടെ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നിക്ക് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. പിങ്ക് നിറത്തിലുള്ള ടോപ്പും പാന്റും അണിഞ്ഞ് പിങ്ക് കൂളിങ് ഗ്ലാസും വെച്ചാണ് മാൾട്ടി പിറന്നാളിന് തിളങ്ങിയത്. നിക്ക് പിങ്ക് ഹൂഡിയും പ്രിയങ്ക ഓറഞ്ച് ഹൂഡിയുമാണ് ധരിച്ചിരുന്നത്. നിരവധി പേരാണ് താരപുത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
ലോസ് ആഞ്ചൽസിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ നിക്കിന്റേയും പ്രിയങ്കയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 2018-ലായിരുന്നു പ്രിയങ്കയും ഗായകനായ നിക്ക് ജൊനാസും വിവാഹിതരായത്. പിന്നീട് ഇരുവരും വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് വരവേൽക്കുകയായിരുന്നു.