സിനിമാ ജീവിതത്തിലെ ആദ്യത്തെ ഹൊറര്‍ കോമഡി ചിത്രം ഒരുക്കാന്‍ സംവിധായകന് പ്രിയദര്ശന്. ഹിന്ദിയിലാണ് ചിത്രം ഒരുക്കുന്നത്. അക്ഷയ് കുമാറായിരിക്കും ചിത്രത്തിലെ നായകന്. 14 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രിയദര്ശന് ചിത്രത്തില്‍ അക്ഷയ് കുമാര്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. 2021 ല്‍ പ്രദര്‍ശനത്തിനെത്തിയ ഹംഗാമ 2 ന് ശേഷം പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന ഹിന്ദി ചിത്രം കൂടിയാണിത്.
ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മികച്ച കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും. ‘ഹേര ഫേരി’, ‘ഭൂല്‍ ഭുലയ്യ’ തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ ഹിറ്റുകളായിരുന്നു. എന്നാല്‍ 2010ല്‍ പുറത്തെത്തിയ ‘ഖട്ട മീഠ’യ്ക്കു ശേഷം ഇവരുടേതായി ചിത്രങ്ങളൊന്നും തന്നെ പുറത്തെത്തിയിരുന്നില്ല. ഇരുവരും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
അതേസമയം ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രിയദര്ശന് ആയിരിക്കില്ല. ‘ഫാന്റസി ഹൊറര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത് . അതായത് ഭയം എന്നത് യാഥാര്‍ഥ്യത്തിന്റെ പരസരത്തുനിന്ന് ഉണ്ടാവുന്നത് ആവില്ല. ഭൂല്‍ ഭുലയ്യയെ ഹ്യൂമറിന്റെ പശ്ചാത്തലമുള്ള സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നേ ഞാന്‍ പറയൂ’, പ്രിയദര്ശന് പറഞ്ഞു. ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തില്‍ വന്‍ വിജയം നേടിയ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആണ് ‘ഭൂല്‍ ഭുലയ്യ. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ അക്ഷയ് കുമാറായിരുന്നു നായകന്. ഈ ചിത്രത്തിന്റെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആയി 2022 ല്‍ പുറത്തെത്തിയ ‘ഭൂല്‍ ഭുലയ്യ 2’ സംവിധാനം ചെയ്തത് അനീസ് ബസ്മി ആയിരുന്നു. ഇതേ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ഈ വര്‍ഷം പുറത്തിറങ്ങും.