അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നതിനിടെ വാക്കുകൾ ഇടറി പൃഥ്വിരാജ്; നിറകണ്ണുകളോടെ മല്ലികയും ഇന്ദ്രജിത്തും

Date:

Share post:

വർഷങ്ങൾ എത്ര കഴിഞ്ഞാലും പ്രിയപ്പെട്ടവരുടെ വേർപാട് എന്നും മനസിൽ ഒരു നീറ്റലാണ്. നിറകണ്ണുകളോടെയല്ലാതെ അവരെ നമുക്ക് ഓർക്കാൻ സാധിക്കില്ല. അത്തരമൊരു കാഴ്ചയ്ക്കാണ് ഇപ്പോൾ കേരളക്കര സാക്ഷ്യം വഹിക്കുന്നത്. ഇടറിയ വാക്കുകളോടെ അച്ഛ‌നെക്കുറിച്ചുള്ള ഓർമ്മകൾ പൃഥ്വിരാജ് പങ്കുവെച്ചപ്പോൾ മല്ലികയും ഇന്ദ്രജിത്തും മാത്രമല്ല കേരളക്കര ഒന്നാകെ നിറകണ്ണുകളോടെയാണ് അവ കേട്ടിരുന്നത്.

അഭിനയ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കുന്ന നടി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. അച്‌ഛൻ മരിച്ച ശേഷം അച്ഛനുമായി ആംബുലൻസിൽ പോയ നിമിഷങ്ങൾ പങ്കുവച്ചപ്പോൾ ദു:ഖമടക്കാൻ പാടുപെട്ട പൃഥിരാജിന്റെ തൊണ്ടയിടറിയപ്പോൾ സദസിലിരുന്ന മല്ലികയ്ക്കും ഇന്ദ്രജിത്തിനും അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അച്ഛ‌ൻ മരിച്ചപ്പോൾ അമ്മ ഇനി എന്ത് ചെയ്യും എന്നോർത്താണ് സങ്കടപ്പെട്ടതെന്നും എന്നാൽ അമ്മ എന്ത് ചെയ്തു എന്നതിനുത്തരമാണ് ഇന്നിവിടെ നിൽക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറഞ്ഞപ്പോൾ ആ അമ്മ സന്തോഷവും ദു:ഖവും കടിച്ചമർത്തുകയായിരുന്നു.

“എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. എനിക്കിപ്പോഴും ഓർമ്മയുണ്ട്, അച്ഛ‌ൻ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്‌ഛനൊപ്പം ആംബുലൻസിലാണ്. അന്ന് ഞാൻ ആലോചിക്കുന്നുണ്ട് അമ്മ എന്ത് ചെയ്യും? ഞാൻ ചേട്ടനോട് പറയുന്നുണ്ട് അമ്മ എന്ത് ചെയ്യും? പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും.

ഇവിടെ വന്നെത്തിയതിൽ വലിയ സന്തോഷമുണ്ട്. കാരണം സ്വന്തം കർമ മേഖലയിൽ, അത് സിനിമ അല്ല ഏത് തൊഴിൽ മേഖലയിലായാലും അതിൽ 50 വർഷക്കാലം സജീവമായി പ്രവർത്തിക്കുക എന്ന് പറയുന്നത് വളരെ ചുരുക്കം ആൾക്കാർക്ക് മാത്രം കിട്ടുന്ന അപൂർവ്വമായ ഭാഗ്യമാണ്. പ്രത്യേകിച്ച് 50 വർഷക്കാലം സിനിമയിൽ സജീവമായി നിൽക്കുക എന്നത് ഒരു അതിശയമാണ്. അത് സിനിമയിൽ പ്രവർത്തിക്കുന്ന ചേട്ടനെയും എന്നെയും പോലെയുള്ള ചെറിയ കലാകാരന്മാർക്ക് ഞങ്ങൾ ഇന്ന് പിന്നിട്ട രണ്ട് ദശാബ്ദ കാലങ്ങൾ പുറകോട്ട് നോക്കുമ്പോൾ മനസിലാകും 50 വർഷം എന്നത് എത്ര വലിയ നേട്ടം ആണെന്നത്.

അതിൽ ഏറ്റവും വലിയ അദ്ഭുതം എന്ന് പറയുന്നത് ഇടയിൽ ഏതാണ്ട് കാൽനൂറ്റാണ്ടോളം അമ്മ സിനിമയിൽ വിട്ടുനിന്ന ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങി കൂടിയിരുന്നു. എന്നിട്ടും തിരിച്ചുവന്ന് ഒരു അഭൂതപൂർവമായ റീസ്‌റ്റാർട്ട് അമ്മയ്ക്ക് സ്വന്തം കരിയറിൽ നടത്താൻ കഴിഞ്ഞു എന്നത് ആർട്ടിസ്‌റ്റ്‌ എന്ന നിലയിൽ വലിയ കാര്യമാണ്. എനിക്ക് തോന്നുന്നു ലോകത്തിൽ എത്ര മക്കൾക്ക് ഈ ഭാഗ്യം കിട്ടിക്കാണും? ഒരുപക്ഷേ എനിക്ക് മാത്രമായിരിക്കും ഈ ഒരു ഭാഗ്യം കിട്ടിയത്, എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച് സിനിമ നിർമ്മിക്കാനും അമ്മയെ സംവിധാനം ചെയ്യാനും ഉള്ള ഭാഗ്യം ലഭിച്ചു. ഇത് മൂന്നും ചെയ്യാൻ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല. അതിൽ ഞാൻ അഭിമാനിക്കുന്നു.

ചേട്ടൻ പറഞ്ഞതുപോലെ അമ്മയെ അഭിനയിപ്പിക്കുമ്പോഴും വീണ്ടും മോണിറ്ററിൽ അമ്മ അഭിനയിച്ചത് കാണുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട് അമ്മയാണ് ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും മികച്ച ആർട്ടിസ്‌റ്റ് എന്ന്. സത്യത്തിൽ അമ്മയുടെ ടാലന്റ് വച്ച് അമ്മയ്ക്ക് ഇനിയും സിനിമയിൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതൊക്കെ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയിൽ അമ്മയെക്കുറിച്ച് ആധികാരികമായി പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല.

പക്ഷേ അമ്മ എന്ന നിലയിൽ, ഒരു സ്ത്രീ എന്ന നിലയിൽ, ഞാൻ 41 വർഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ്. അമ്മയാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി. ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ചതിന് എല്ലാവർക്കും നന്ദി” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങൾ കയ്യടികളോടെയാണ് താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...