മരുഭൂമിയിൽ വർഷങ്ങളോളം യാതനയനുഭവിച്ച നജീബ് എന്ന പ്രവാസിയുടെ ജീവിതം സിനിമയാകുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയിലാണ്. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കിയ ആടുജീവിതം 28ന് തിയേറ്ററിലെത്തുമ്പോൾ പൃഥ്വിരാജിന്റെ മേക്കോവർ കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ഈ അവസരത്തിൽ നജീബായി മാറാൻ താൻ നേരിട്ട ബുദ്ധിമുട്ടുകളും ചിത്രീകരണ സമയത്തെ അനുഭവങ്ങളും തുറന്നുപറയുകയാണ് പൃഥ്വിരാജ്.
‘സിനിമയുടെ ഷൂട്ട് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷവും ചുമയ്ക്കുമ്പോൾ വായില്‍ നിന്ന് മണ്ണ് വന്നിരുന്നു’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകൾ ആരാധകർ വൈകാരികമായി ഏറ്റെടുക്കുകയും ചെയ്തു. ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടിക്കിടെയാണ് പൃഥ്വിരാജ് മനസുതുറന്ന് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ‘നജീബ് ആ അവസ്ഥയിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസിലേക്ക് കടന്നുവന്ന ചിന്തകളാണ് ഒരു നടന്‍ എന്ന നിലയില്‍ ആ സമയം എന്റെ മനസിലേക്കും വന്നത്. അതൊരു ദൈവികതയായാണ് ഞാന്‍ കണ്ടത്’ എന്നും താരം വ്യക്തമാക്കി.
‘നജീബിക്ക അനുഭവിച്ചതിന്റെ ഒരംശം പോലും ഞങ്ങള്‍ക്ക് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ ബ്ലെസിയുടെ തിരക്കഥയിലൂടെ നജീബ് കടന്നുപോയ മാനസികാവസ്ഥകള്‍ പ്രക്ഷകര്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഒരു ഇതിഹാസ ജീവിതാനുഭവം തന്നെ പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. നജീബിനെ പോലെയുള്ള ഒരാളുടെ ജീവിതം സിനിമയിലെത്തിക്കാൻ സാധിച്ചത് എനിക്കൊരു അംഗീകാരമാണ്’ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.