റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടർന്ന് ഗിരീഷ് എ.ഡി ചിത്രം ‘പ്രേമലു’. ഈ വർഷത്തിൽ 50 കോടി ക്ലബ്ബിലെത്തുന്ന ആദ്യത്തെ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ‘പ്രേമലു’. റിലീസ് ചെയ്ത് 13-ാം ദിവസത്തിലാണ് ചിത്രം ഈ റെക്കോർഡ് സ്വന്തമാക്കിയത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
നിർമ്മാതാക്കൾ സിനിമയുടെ ആഗോള തലത്തിലുള്ള കണക്കുകൾ പുറത്തുവിട്ടതോടെയാണ് സിനിമാ ലോകം അമ്പരന്നത്. ഫെബ്രുവരി 9നായിരുന്നു ചിത്രം തിയേറ്ററിലെത്തിയത്. നസ്ലനും മമിത ബൈജുവും തകർത്തഭിനയിച്ചപ്പോൾ കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം സൂപ്പർ ഹിറ്റാണ്. പത്ത് ദിവസം കൊണ്ട് തന്നെ സിനിമയുടെ ആഗോള കലക്ഷൻ 42 കോടി പിന്നിട്ടിരുന്നു. ഏകദേശം 12.5 കോടി ബജറ്റിൽ തീർത്ത ചിത്രം മുതൽ മുടക്കിന്റെ നാല് മടങ്ങിലധികം തിരിച്ചുപിടിച്ചാണ് മുന്നേറുന്നത്.
ആദ്യ ദിനം 90 ലക്ഷം കലക്ഷൻ വന്ന സിനിമയ്ക്ക് രണ്ടാം ദിനം അതിന്റെ ഇരട്ടി തുകയാണ് ലഭിച്ചത്. പിന്നീടങ്ങോട്ട് ചിത്രം കത്തിക്കയറുകയായിരുന്നു. ചിത്രത്തിന്റെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്ഷൻ 26 കോടിയാണെന്നത് മലയാള സിനിമയെ സംബന്ധിച്ച് മറ്റൊരു റെക്കോർഡ് കൂടിയാണ്.