ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും നോർവീജിയൻ താരം മാഗ്നസ് കാൾസനും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയിൽ കലാശിച്ചു. വെറും ഒരു മണിക്കൂർ മാത്രം നീണ്ട 30 നീക്കങ്ങൾക്ക് ഒടുവിലാണ് ഇരുവരും സമനിലയിൽ എത്തിയത്. അതേസമയം ചൊവ്വാഴ്ച നടന്ന ആദ്യ മത്സരത്തിലും 35 നീക്കങ്ങൾക്ക് ശേഷം ഇരുവരും സമനിലയിൽ എത്തിയിരുന്നു. വിജയിയെ തീരുമാനിക്കാൻ വ്യാഴാഴ്ച റാപ്പിഡ് ഫോർമാറ്റിൽ രണ്ട് ടൈ ബ്രേക്കർ മത്സരം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആദ്യ മത്സരത്തിൽ വെള്ള കരുക്കൾ ആയിരുന്നു ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററായ പ്രഗ്നാനന്ദയുടെ നീക്കങ്ങളെങ്കിൽ രണ്ടാം ഗെയിമിൽ ലോക ഒന്നാം നമ്പറുകാരനായ കാൾസനായിരുന്നു വെള്ളകരുക്കൾ നീക്കിയത്. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 18കാരനായ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ. സെമി ഫൈനലിൽ അമേരിക്കയുടെ ഫാബിയോ കരുവാനയെയായിരുന്നു താരം അട്ടിമറിച്ചത്.
അതേസമയം വിശ്വനാഥന്‍ ആനന്ദിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത് എന്ന നേട്ടവും പ്രഗ്നാനന്ദയ്ക്ക് സ്വന്തം. 2005ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ. വിശ്വാനാഥൻ ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്.