അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ നിറ സാന്നിധ്യമായി തേരോട്ടം തുടരുകയാണ് ന്യൂട്ടൺ സിനിമ നിർമ്മിച്ച് ദർശന രാജേന്ദ്രൻ, റോഷൻ മാത്യൂ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മലയാള ചിത്രം ‘പാരഡൈസ്’. മേയ് അവസാനവാരം ന്യൂയോർക്കിൽ വച്ച് നടക്കുന്ന ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങളിൽ ലഭിച്ച നാമനിർദേശങ്ങളാണു ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച നടനായി റോഷൻ മാത്യുവും, മികച്ച നടിയായി ദർശന രാജേന്ദ്രനും, മികച്ച സംവിധായകനായി പ്രസന്ന വിത്താനഗെയും നാമനിർദേശം ചെയ്യപ്പെട്ടു.
ചിത്രത്തിനു പശ്ചാത്തലമാകുന്ന ശ്രീലങ്കൻ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തിയത് രാജീവ് രവിയാണ്. ശ്രീകർ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനവും, ലിജു പ്രഭാകർ കളറിംഗും അതിമനോഹരമായി നിർവഹിച്ചിട്ടുണ്ട്. തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന മലയാളികളായ ടി.വി പ്രൊഡ്യൂസറുടെയും, വ്ലോഗറായ ഭാര്യയുടെയും കഥാപാത്രങ്ങളിലൂടെയാണ് ‘പാരഡൈസ്’ സഞ്ചരിക്കുന്നത്.
മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന പാരഡൈസ് ജൂൺ മാസത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ സെഞ്ചുറി ഫിലിംസും ശ്രീലങ്കയിൽ സ്കോപ്പ് മൂവീസും, മറ്റു പ്രദേശങ്ങളിൽ എ.പി ഇൻ്റർനാഷണലുമാണു ചിത്രം വിതരണം ചെയ്യുന്നത്.
പാരഡൈസ് നേടിയ അംഗീകാരങ്ങൾ
1) ഇരുപത്തിയെട്ടാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം
2)സ്പെയിനിലെ 23മത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം
3) ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരം
4) പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം
5) മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദ്ദേശവും പാരഡൈസിനു ലഭിച്ചിരുന്നു.
കിം ജിസോക്ക് പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രവും, ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ മേളയിൽ അംഗീകരിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യൻ ചിത്രം തുടങ്ങിയ പ്രത്യേകതകളും പാരഡൈസിന് സ്വന്തം. ചിത്രം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ ഒന്നാം ഭാഗത്തിനും പോയ വർഷത്തെ ഏഷ്യൻ ഫിലിം അവാർഡ്സിൽ ഇതേ വിഭാഗങ്ങളിൽ നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.