അന്താരാഷ്ട്ര പുരസ്കാരത്തിൽ തിളങ്ങി മലയാള ചിത്രം ‘പാരഡൈസ്’. ന്യൂട്ടൺ സിനിമയുടെ നിർമാണത്തിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്പെയിനിലെ 23മത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി ‘പാരഡൈസ്’ മലയാള സിനിമയുടെ ഖ്യാതി ലോകമെമ്പാടുമെത്തിച്ചു. സ്പെയിനിൽ 2024 ഏപ്രിൽ 19 മുതൽ 28 വരെ നടന്ന മേളയിലെ പ്രേക്ഷകപുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകൻ പ്രസന്ന വിത്താനഗെ പുരസ്കാരം ഏറ്റുവാങ്ങി.
നമ്മെ ഒന്നിപ്പിക്കാനും പ്രചോദിപ്പിക്കാനും ഒപ്പം നമുക്ക് ചുറ്റുമുള്ള ലോകത്തിൻ്റെ വൈവിധ്യത്തിലേക്ക് ഒരു നേർക്കാഴ്ച നൽകാനും സിനിമയ്ക്ക് ശക്തിയുണ്ടെന്ന് ‘പാരഡൈസ്’ തെളിയിച്ചിരിക്കുന്നു എന്ന് ജൂറി ഔദ്യോഗിക വിശദീകരണത്തിൽ അഭിപ്രായപ്പെട്ടു. അഞ്ച് നെറ്റ്പാക് പുരസ്കാരങ്ങൾ ഉൾപ്പെടെ മുപ്പത്തിലേറെ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പത്താമത്തെ ചിത്രമാണ് ‘പാരഡൈസ്’. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം ശ്രീലങ്കൻ സിനിമയിലെ മുൻനിര അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോയും, മഹേന്ദ്ര പെരേരയും ഈ ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാജീവ് രവി ഛായഗ്രാഹണവും, എ. ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ‘കെ’യാണ്. തപസ് നായക് ആണ് ശബ്ദസന്നിവേശം നിർവഹിച്ചിരിക്കുന്നത്.
2022ൽ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടർന്നുണ്ടായ വിലകയറ്റവും, ഇന്ധനവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗർലഭ്യവും ജനകീയ പ്രക്ഷോഭങ്ങളുമാണ് ‘പാരഡൈസി’ന്റെ പശ്ചാത്തലം. ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് അവാർഡ് നേടിയ ചിത്രത്തിന് 30 മത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘പ്രീ ദു ജൂറി ലീസിയൻ’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മാത്രമല്ല, കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. കൂടാതെ, പൂർണ്ണമായും ശ്രീലങ്കയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ‘പാരഡൈസി’നുണ്ട്.
മണിരത്നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘പാരഡൈസ്’. മലയാളം, സിംഹള, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തതും മണിരത്നം ആയിരുന്നു. ഒരുപാട് പ്രത്യേകതകളോടെ ചിത്രം ഇന്ത്യൻ സിനിമയുടെ യശസ്സ് വീണ്ടും വീണ്ടും ഉയർത്തുകയാണ്. സെഞ്ചുറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നു. 2024 ജൂണിൽ ചിത്രം തിയേറ്ററുകളിലെത്തും.