ഏകദിന ലോകകപ്പ് 2023 ന്റെ രണ്ടാം ദിനം പാകിസ്താന്റെ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ നെതർലൻഡ്സ് 81 റൺസിന് പരാജയപ്പെട്ടു. ഏകദിന ലോകകപ്പിൽ 287 റൺസ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ നെതർലൻഡ്സ് 41 ഓവറിൽ 205 റൺസ് എടുത്ത് പുറത്താവുകയായിരുന്നു. ഇതോടെ 81 റൺസിന് പാകിസ്താൻ വിജയിച്ചു.
നെതർലൻഡ്സിന്റെ ബാസ് ഡി ലീഡ് മാത്രമായിരുന്നു പാകിസ്താൻ ബൗളർമാർക്കെതിരെ പൊരുതിയത്. 68 പന്തിൽ നിന്ന് 67 റൺസാണ് ബാസ് ഡി ലീഡ് എടുത്തത്. വിക്രംജിത് സിങ് 52 റൺസും എടുത്തു. അതേസമയം സ്കോട് എഡ്വേഡ് റൺസൊന്നുമെടുക്കാതെ പുറത്തായി. മാത്രമല്ല, നെതർലൻഡിന്റെ ആറ് ബാറ്റർമാർക്ക് റൺസ് രണ്ടക്കം കടത്താനുമായില്ല.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താൻ 49 ഓവറിൽ 286 റൺസെടുത്താണ് പുറത്തായത്. മുൻനിര തകർന്നടിഞ്ഞപ്പോൾ, മധ്യനിര ബാറ്റർമാരുടെ കരുത്ത് പാകിസ്താനെ മികച്ച സ്കോറിലെത്തിച്ചു. ഓപ്പണർ ഫഖർ സമാൻ (15 പന്തുകളിൽ 12 റൺസ് ), ഇമാം ഉൾ ഹഖ് (19 പന്തിൽ 15 റൺസ് ), ക്യാപ്റ്റൻ ബാബർ അസം (18 പന്തിൽ അഞ്ച് റൺസ് ) എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായതായിരുന്നു പാകിസ്താനെ പ്രതിരോധത്തിലാക്കിയത്. എന്നാൽ മുഹമ്മദ് റിസ്‌വാനും (75 പന്തിൽ 68 റൺസ്), സൗദ് ഷക്കീലും (52 പന്തിൽ 68 റൺസ്) അർധ സെഞ്ചറി നേടിയതോടെ സ്കോർ ഉയർന്നു. മധ്യനിരയിൽ മുഹമ്മദ് നവാസും (43 പന്തിൽ 39 റൺസ്), ശതാബ് ഖാനും (34 പന്തിൽ 32 റൺസ്) നടത്തിയ ചെറുത്തുനിൽപ്പും പാകിസ്താനെ വിജയത്തിലേക്ക് അടുപ്പിച്ചു.
എട്ട് നെതർലൻഡ്സ് താരങ്ങളാണ് ബൗളിംഗിന് ഇറങ്ങിയത്. ബാസ് ഡെ ലീഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. കൂടാതെ കോളിൻ അക്കർമാൻ രണ്ടും ആര്യൻ ദത്ത്, ലോഗൻ വാൻബീക്, പോൾ വാൻ മീകരൻ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി. അതേസമയം പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് മൂന്ന് വീക്കറ്റ് വീഴ്ത്തി. ഹസൻ അലി രണ്ടും ഷഹീൻ അഫ്രീദി, മൊഹമ്മദ് നവാസ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.