കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘പദ്മിനി’ സിനിമയുടെ റിലീസ് മാറ്റിവച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയിൽ ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ വേളയിൽ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയാണ് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ജൂലൈ ഏഴിനായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്.
തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹേഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പദ്മിനിയുടേയും രചന നിർവഹിച്ചിരിക്കുന്നത്.
ഗണപതി, ആനന്ദ് മന്മഥൻ, മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, സംഗീതം ജേയ്ക്സ് ബിജോയ്, എഡിറ്റർ മനു ആന്റണി, പ്രൊഡക്ഷൻ കോൺട്രോളർ മനോജ് പൂങ്കുന്നം, പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർസ് വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, ഡിജിറ്റൽ മാർക്കറ്റിങ് പിആർ വൈശാഖ് സി. വടക്കേവീട്, മീഡിയ പ്ലാനിങ്–മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയ, കലാസംവിധാനം അർഷാദ് നക്കോത്, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ് രഞ്ജിത് മണലിപറമ്പിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് പുല്ലൂടൻ, സ്റ്റിൽസ് ഷിജിൻ പി രാജ്.