ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിന് വേണ്ടി പ്രത്യേക യോഗം വിളിച്ച് കേരള സർക്കാർ. തീയറ്റർ, ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ് മേഖലയിലെ പ്രതിസന്ധികൾ എന്നിവ ഉൾപ്പടെയുള്ള വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഒക്ടോബർ 11ന് സാംസ്കാരിക-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന യോഗമായിരിക്കും നടക്കുക. സിനിമാ മേഖലയിലെ എല്ലാ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം സിനിമ റിലീസാകുന്നതിന് തൊട്ട് പിന്നാലെ ഓൺലൈൻ വ്ലോഗർമാർ നടത്തുന്ന റിവ്യൂ ബോബിങിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. ഇത് എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് അറിയിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് പൊലീസിനും കോടതി നിർദേശം നൽകിയിട്ടുമുണ്ട്. എന്നാൽ പരാതിക്കാരുടെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു.
സിനിമ ഇറങ്ങി ഏഴ് ദിവസം കഴിഞ്ഞതിനു ശേഷം മാത്രമേ റിവ്യൂ പറയാൻ പാടുള്ളു.നൂറുകണക്കിന് കലാകാരന്മാരുടെ അധ്വാനവും ജീവിതവുമാണ് സിനിമ. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ സിനിമപോലും കാണാതെ സിനിമയ്ക്കെതിരേ ഓൺലൈൻ വഴി തെറ്റായ പ്രചാരണം നടത്തുകയാണ് എന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫാണ് അഡ്വ. സി.ആർ. രഖേഷ് ശർമവഴി ഓൺലൈനിലൂടെയുള്ള നെഗറ്റീവ് റിവ്യൂവിന് നിയന്ത്രണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് കോടതി അമിക്കസ് ക്യൂറിയെ നിയോഗിക്കുകയായിരുന്നു.