സൗദി അറേബ്യയെ ഒരുപാട് സ്നേഹിക്കുന്നുവെന്ന് ലോക ഫുട്ബോൾ താരം ലയണൽ മെസ്സി. ഫുട്ബാളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും മെസ്സി പറഞ്ഞു. ഒരു അഭിമുഖ പരിപാടിയിലാണ് അർജൻറീനിയൻ താരം മനസ് തുറന്നത്. സൗദി ടൂറിസം അംബാസഡർ കൂടിയായ മെസ്സി നിരവധി തവണ സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ട്. സൗദി അറേബ്യയോടുള്ള തന്റെ സ്നേഹം സംഭാഷണത്തിനിടെ വെളിപ്പെടുത്തി താരം തന്റെ ആഗ്രഹം അറിയിച്ചു.
മെസ്സിയുടെ വാക്കുകൾ
“ഞാൻ സൗദി അറേബ്യയിൽ വരുമ്പോഴെല്ലാം എനിക്ക് നൽകുന്ന സ്നേഹത്തിന് എല്ലാവരോടും നന്ദി. നേരത്തെ സൗദി സന്ദർശിക്കാൻ അവസരം ലഭിച്ചു. വീണ്ടും സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ രാജ്യത്ത്, നിങ്ങളുടെ സംസ്കാരത്തിൽ, നിങ്ങളുടെ അതുല്യമായ സ്ഥലത്ത് ഞാൻ കണ്ടെത്തിയതെന്തോ അതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ എപ്പോഴും നന്ദി പറയുന്നു. സൗദി അറേബ്യയിൽ ഇൻറർ മിയാമിക്കൊപ്പം വന്ന് വീണ്ടും കളിക്കാനായി കാത്തിരിക്കുകയാണ്. ഈ സ്നേഹമെല്ലാം ആസ്വദിക്കുന്നത് തുടരും. ഞങ്ങൾ കളിക്കുന്ന കളികൾ നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും ഇപ്പോഴും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാ ആളുകളോടും ഞാൻ എപ്പോഴും നന്ദിയുള്ളവനാണ്.
വിരമിക്കുന്നതിനെ കുറിച്ച് താൻ ആലോചിക്കുന്നില്ല. എനിക്ക് ഇനി പ്രകടനം നടത്താൻ കഴിയില്ലെന്നും എന്റെ ടീമിന് ഞാൻ ഇനി പ്രയോജനം നൽകുന്നില്ലെന്നും തോന്നുന്ന നിമിഷം, എനിക്ക് ബോധ്യപ്പെടുന്ന നിമിഷം ഞാൻ ഫുട്ബോൾ അവസാനിപ്പിക്കും. എന്നെത്തന്നെ വിമർശിക്കാൻ മിടുക്കനായ വ്യക്തിയാണ് ഞാൻ. എപ്പോൾ ഞാൻ നല്ലവനാകുന്നു, എപ്പോൾ നന്നായി കളിക്കുന്നു, എപ്പോൾ ചീത്തയാകുന്നു എന്നതെല്ലാം എനിക്ക് കൃത്യമായി അറിയാൻ കഴിയും. നടപടി സ്വീകരിക്കേണ്ട സമയമായി എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ ചിന്തിക്കാതെ അത് ചെയ്യും. എനിക്ക് സുഖം തോന്നുന്നിടത്തോളം ഞാൻ എപ്പോഴും മത്സരത്തിൽ തുടരാൻ ശ്രമിക്കും. എന്റെ കുടുംബത്തെയും കുട്ടികളെയും പരിപാലിക്കുന്നതിൽ ഞാൻ അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. എന്റെ കുട്ടികളുമായി ഫുട്ബാളും വീഡിയോ ഗെയിമുകളും കളിക്കുന്നതിനെ ഞാനേറെ ഇഷ്ടപ്പെടുന്നു – മെസ്സി പറഞ്ഞു.