“അവന്റെ പോക്ക് ശരിയല്ല, ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണവൻ. അവന് പുറത്ത് കടക്കാൻ അറിയില്ല, നിന്റെ മകനെ സൂക്ഷിച്ചോളൂ”… പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുന്ന മഞ്ജു പിള്ളയുടെ കഥാപാത്രത്തോട് തൊട്ടടുത്തിരിക്കുന്ന കൈനോട്ടക്കാരി പറയുന്ന ഈ വാക്കുകൾ കേട്ടാൽ നിവിൻ പൊളിയുടെ കഥാപാത്രം അത്രത്തോളം ഭീകരനാണ് എന്ന് തോന്നിപ്പോകും. പക്ഷെ, ആദ്യം പുറത്ത് വന്ന പാട്ട് കോമഡിയായിരുന്നല്ലോ? ശരിക്കും ‘മലയാളി ഫ്രം ഇന്ത്യ’ ഏത് ജോണറിൽപ്പെട്ട സിനിമയാണ്. തിയേറ്ററുകളിലെത്താൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ നിവിൻ പോളി നായകനായി എത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’യുടെ പുതിയ ടീസർ പുറത്തിറങ്ങിയിരിക്കുകയാണിപ്പോൾ. ചിത്രത്തിന്റേതായി മുൻപിറങ്ങിയതിൽ നിന്നെല്ലാം വ്യത്യസ്തമായ ടീസറാണിത്.
ഡിജോ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘ജനഗണമന’ ഏറെ വിവാദങ്ങളും എന്നാൽ അതിലധികം പ്രേക്ഷക പ്രീതിയും നേടിയ ചിത്രമാണ്. ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. മെയ് ഒന്നിന് വേൾഡ് വൈഡ് റിലീസായാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുന്നത്. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഛായാഗ്രഹണം നിർവഹിക്കുന്നത് സുദീപ് ഇളമനാണ്. സംഗീതം ജേക്സ് ബിജോയ് നിർവഹിക്കുന്നു. സഹനിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫനാണ്. എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത് സാരംഗും ആർട്ട് ഡയറക്ടർ അഖിൽരാജ് ചിറയിലുമാണ്. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം നിർവഹിക്കുന്നത് സമീറ സനീഷാണ്. മേക്കപ്പ് റോണെക്സ് സേവ്യർ. ചിത്രം വിതരണം ചെയ്യുന്നത് മാജിക് ഫ്രെയിംസ് ആണ്. തിയറ്ററിൽ കണ്ടറിയാം ‘മലയാളി ഫ്രം ഇന്ത്യ’ യിലെ നിവിൻ പോളി നിതിൻ പോളിയെ കടത്തിവെട്ടുമോ എന്ന്.