മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് നിഖില വിമൽ. ഇന്റർവ്യൂകളിൽ സ്വന്തം നിലപാട് വ്യക്തമായി തുറന്ന് പറയുന്ന കാര്യത്തിൽ ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ നടി കൂടിയാണ് നിഖില. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് അച്ഛനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ്. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ് അച്ഛനെ കുറിച്ചുളള ഓർമകളെ കുറിച്ച് താരം പങ്കുവെച്ചത്.
‘ആറടി പൊക്കമുള്ള ഒരു വലിയൊരു മനുഷ്യനാണ് അച്ഛൻ. അപകടത്തിന് ശേഷം അദ്ദേഹത്തിന് ഓർമ കുറവ് ഉണ്ടായിരുന്നു. അദ്ദേഹത്തെ നോക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് വാശിയും ഉണ്ടായിരുന്നു. അച്ഛന് കഴിക്കാൻ ഏറ്റവും ഇഷ്ടം മധുരമായിരുന്നു. മധുരം കഴിക്കാൻ വേണ്ടി എന്തെങ്കിലും കാരണം കണ്ടുപിടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ മരിച്ച് കഴിഞ്ഞ് കര്‍മം ചെയ്യുന്ന സമയത്ത് അച്ഛന് വേണ്ടി പഴം, പായസം, ഉന്നക്കായ് തുടങ്ങിയ സാധനങ്ങളാണ് വെച്ചത്.
ഏകദേശം 15 വർഷത്തോളം അമ്മ അച്ഛന നോക്കി. ഇന്ന് അമ്മ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും അച്ഛനെയാണ്. അതേസമയം അച്ഛന്റെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചത് ചേച്ചി അഖിലയെ ആണ്. കാരണം അവൾ അച്ഛൻ കുട്ടി ആയിരുന്നു. അച്ഛന്റെ മരണം ഉൾക്കൊള്ളാൻ ഒരുപാട് സമയം എടുത്തു. അച്ഛന്റെ മരണസമയത്ത് ചേച്ചിക്കും അമ്മക്കും കോവിഡ് പിടിപെട്ടിരിക്കുകയായിരുന്നു . അച്ഛന് വയ്യാതെ വന്നപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ അദ്ദേഹത്തിന് ന്യൂമോണിയ കൂടി ഉണ്ടായിരുന്നു. അതിന്റെ ഇന്‍ഫെക്ഷന്‍ വന്നാണ് അച്ഛന്‍ മരിക്കാൻ കാരണം. അച്ഛന്റെ അവസാന സമയത്ത് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഭയങ്കര അവസ്ഥയാണ്.
കോവിഡ് കാരണം ആർക്കും മരണ സമയത്ത് വരാനും സഹായിക്കാനും കഴിഞ്ഞില്ല. പാർട്ടിയിലെ ചില ചേട്ടന്മാരുടെ സഹായത്തോട് കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. മൃതദേഹ ദഹിപ്പിച്ചത് ഞാനായിരുന്നു. അഞ്ചാമത്തെ ദിവസം അച്ഛന്റെ അസ്ഥി എടുക്കാൻ പോയതും ഞാനാണ്. സഹായത്തിന് ആളുകളെ വിളിച്ചെങ്കിലും കൊവിഡ് ആയതിനാൽ ആരും വന്നില്ല.
എന്നാൽ അച്ഛൻ മരിച്ച ശേഷം കുറേ കാര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ആരും കൂടെ ഉണ്ടാവില്ല എന്ന് മനസിലായി. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. പക്ഷെ ആ സമയത്ത് കുടുംബവും കൂടെ ഉണ്ടായില്ല. ഇതിന് ശേഷം ആരുടെയും അനുവാദത്തിന് വേണ്ടി കാത്ത് നിന്നിട്ടില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്യാറുള്ളത് എന്നും നിഖില പറഞ്ഞു.