രൺബീർ കപൂറും സായ് പല്ലവിയും നായികാ നായകന്മാരായി ഒരു സിനിമ എത്തുന്നു, അതും ബോളിവുഡിൽ. ത്രില്ലടിച്ചിരിക്കുകയാണ് ആരാധകർ. രാമായണം എന്ന ഇതിഹാസം പ്രമേയമാക്കി ഇവരെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നൽകിയിരുന്ന പേര് ‘രാമായണ’ എന്നായിരുന്നു. ചിത്രത്തിൽ രാമനായിട്ടാണ് രൺബീർ എത്തുന്നത്. സീത കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. താരങ്ങളുടെ ലൊക്കേഷൻ ചിത്രങ്ങളും ക്യാരക്ടർ ലുക്കും അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ലീക്കായിരുന്നു.
മൂന്ന് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന പുതിയ പേര് പുറത്ത്വിട്ടിരിക്കുകയാണിപ്പോൾ. ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ‘ഗോഡ് പവർ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പുതിയ പേര്. എന്നാൽ, ചിത്രത്തിന്റെ പേരിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. നിലവിൽആദ്യ ഭാഗത്തിന്റെ ഷൂട്ടിങ് മുംബൈയിലെ ഫിലിം സിറ്റിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
വി. എഫ്. എക്സിന് ഏറെ പ്രധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രം 2025-ആയിരിക്കും റിലീസ് ചെയ്യുക. ഓസ്കാർ നേടിയ വി.എഫ്.എക്സ് കമ്പനിയാണ് ഈ ചിത്രത്തിന് വേണ്ടിയും വി.എഫ്. എക്സ് ഒരുക്കുന്നത്. ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവം നൽകാനാണ് നിർമാതാവ് നമിത് മൽഹോത്ര ലക്ഷ്യമിടുന്നത്. സായി പല്ലവി, രൺബീർ കപൂർ എന്നിവർക്കൊപ്പം യഷ്, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാവണനായിട്ടാണ് യഷ് എത്തുന്നതെങ്കിൽ സണ്ണി ഡിയോൾ ഹനുമാന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
850 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്ന് ഭാഗങ്ങളിലായി ചിത്രം റിലീസ് ചെയ്യും. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുക. രണ്ടാം ഭാഗത്തിൽ രാവണനായിരിക്കും കൂടുതൽ പ്രാധാന്യം . എന്‍ഇജി വെർച്വൽ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്.