തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മികച്ച താരമാണ് വിജയ്. കോളിവുഡിലാണ് സജീവമെങ്കിലും മലയാളി പ്രേക്ഷകരുടെ ഇടയിൽ താരത്തിന് വലിയ ആരാധക വൃത്തമാണുള്ളത്. വിജയ് യുടെ ഭൂരിഭാഗം ചിത്രങ്ങളും കേരളത്തിലും മികച്ച കാഴ്ചക്കാരെ നേടാറുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് താരത്തിന്റെ പുതിയ ലുക്കാണ്. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ദ ഗോട്ട്) എന്ന സെറ്റിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്ലീൻ ഷേവ് ചെയ്ത് ചെറിയ നരയോട് കൂടിയ ലുക്കിലാണ് താരം ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. താരത്തിന്റെ ശരീരഭാരവും കുറച്ചിട്ടുണ്ട്. നടന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകരിപ്പോൾ.
വിജയ് യുടെ 68-ാമത്തെ ചിത്രമാണ് ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ദ ഗോട്ട്). വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലായിരിക്കും നടൻ എത്തുക. നടന്റെ ക്യാരക്ടർ പോസ്റ്ററും ഏറെ ചർച്ചയായിരുന്നു. വ്യത്യസ്ത പ്രായത്തിലുള്ള വിജയ് ആണ് പോസ്റ്ററിലുള്ളത്. ഡി എയ്ജിങ് എന്ന ടെക്നോളജി ഉപയോഗിച്ചാണ് നടനെ ചെറുപ്പക്കാരൻ ആക്കിയത്. സ്നേഹയാണ് ചിത്രത്തിലെ നായിക. 21 വർഷത്തിന് ശേഷം സ്നേഹയും വിജയ് യും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. 2003ൽ പുറത്തിറങ്ങിയ വസീഗരയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
@actorvijay ❤️ #Thalapathy68 pic.twitter.com/k9PRSzPHNS
— I R F A N Z A I N I (@iam_Irfun) January 10, 2024
കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ടൈം ട്രാവൽ ചിത്രമാണ് ഗോട്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.